ഉദിച്ചുയർന്ന് ആദിത്യ; ആദിത്യ സുരേഷിന് പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം

Mail This Article
കൊല്ലം ∙ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം കൊല്ലം ഏഴാംമൈൽ സ്വദേശി ആദിത്യ സുരേഷിന് (15) ലഭിച്ചു. കലാരംഗത്തെ മികവിനാണ് ആദിത്യയെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും മെഡലും പ്രശസ്തി പത്രവും അടങ്ങുന്നതാണു കുട്ടികൾക്കുള്ള ഈ ദേശീയ അവാർഡ്. തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഏറ്റുവാങ്ങും. കുന്നത്തൂർ വിജിഎസ്എസ് അംബികോദയം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.
അസ്ഥികൾ പൊട്ടുന്ന ഓസ്റ്റിയോ ജനസിസ് ഇംപെർഫെക്ട എന്ന അപൂർവ ജനിതകാവസ്ഥയോടെയായിരുന്നു ആദിത്യയുടെ ജനനം. അമർത്തി തൊട്ടാൽ പോലും ഒടിയുന്ന എല്ലുകളുമായി വേദനയോടു പൊരുതിയാണു ജീവിതം. നാലാം വയസ്സിൽ വാക്കുകൾ ഉറച്ചുപറയാൻ തുടങ്ങുന്നതിനു മുൻപേ ആദിത്യയ്ക്കു പാട്ടും ഈണങ്ങളും വഴങ്ങി. അറുന്നൂറോളം വേദികളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
കോഴിക്കോട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിനു പദ്യോച്ചാരണത്തിൽ പങ്കെടുക്കാൻ അമ്മയുടെ ഒക്കത്തിരുന്നെത്തിയ ആദിത്യയെക്കുറിച്ചു മനോരമ വാർത്ത നൽകിയിരുന്നു. അന്ന് എ ഗ്രേഡ് നേടിയായിരുന്നു മടക്കം. സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം പുരസ്കാരം ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. മാതാപിതാക്കളായ ടി.കെ.സുരേഷും രഞ്ജിനിയും മൂത്ത സഹോദരൻ അശ്വിനുമാണ് ആദിത്യയുടെ ബലം.
English Summary: Pradhan Mantri Rashtriya Bal Puraskar for Adithya Suresh