ചന്ദ്രയാൻ: ആസൂത്രകൻ പ്രതീക്ഷയോടെ ആശുപത്രിക്കിടക്കയിൽ

Mail This Article
കൊച്ചി ∙ ചന്ദ്രയാൻ മൂന്നാം ഘട്ടം ഇന്നു വിക്ഷേപിക്കുമ്പോൾ അതിന്റെ ശിൽപി ആശുപത്രിക്കിടക്കയിലാണ്. പദ്ധതിക്കു തുടക്കമിട്ട ഇസ്രോ (ഐഎസ്ആർഒ) മുൻ ചെയർമാൻ ഡോ.കെ.കസ്തൂരിരംഗൻ. ബെംഗളൂരുവിലെ നാരായണ ഹൃദയാലയയിൽ ആൻജിയോപ്ലാസ്റ്റിക്കു ശേഷം സുഖം പ്രാപിച്ചുവരികയാണ്.
ചന്ദ്രയാൻ–1 പിറവികൊണ്ടതു കൊച്ചിക്കാരനായ ഈ ശാസ്ത്രപ്രതിഭയുടെ ബുദ്ധിയിലായിരുന്നു. 1999 ൽ പൊഖ്റാൻ ആണവപരീക്ഷണത്തിന്റ വാർഷിക പ്രഭാഷണത്തിൽ ഇതു വെളിപ്പെടുത്തി.
പിന്നീട് ഒട്ടേറെ സമ്മേളനങ്ങൾക്കും ചർച്ചകൾക്കും ലാഭനഷ്ടപഠനത്തിനും ശേഷം 2002 ഏപ്രിലിൽ പാർലമെന്ററി സ്ഥിരം സമിതി മുൻപാകെ ഡോ. രംഗൻ പദ്ധതിയെക്കുറിച്ചു വിശദീകരിച്ചു.
പദ്ധതിയെക്കുറിച്ചു സമഗ്ര റിപ്പോർട്ട് നൽകാൻ ചെങ്ങന്നൂർ സ്വദേശിയും ഇസ്രോയിലെ പ്രമുഖ ശാസ്‌ത്രജ്‌ഞനുമായ ഡോ.ജോർജ് ജോസഫ് അധ്യക്ഷനായി നാഷനൽ ടാസ്‌ക് ഫോഴ്‌സിനു രൂപം നൽകി. തുടർന്ന് എഴുപതോളംപേർ അംഗങ്ങളായ ദേശീയ സമിതി ഇസ്രോ മുൻ ചെയർമാനും മലയാളിയുമായ ഡോ.എം.ജി.കെ.മേനോൻ അധ്യക്ഷനായി രൂപീകരിച്ചു.
അന്നു പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി ‘രാജ്യം മുഴുവൻ താങ്കളുടെ പിന്നിലുണ്ട്’ എന്നാണു കസ്തൂരിരംഗനോടു പറഞ്ഞത്. 2003 ലെ സ്വാതന്ത്യ്രദിനത്തിൽ രാഷ്‌ട്രത്തോടു സംസാരിക്കവേ വാജ്‌പേയി പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡോ. ജോർജ് ജോസഫിന്റെ നേതൃത്വത്തിലുള്ള സമിതി ‘സോമയാൻ’ എന്നു പേരിട്ടിരുന്ന പദ്ധതിയെ ‘ചന്ദ്രയാൻ’ എന്നു വാജ്‌പേയി അന്നു മാറ്റിവിളിച്ചു.
ചന്ദ്രയാൻ പദ്ധതികളുടെ മുഴുവൻ തലപ്പത്ത് മലയാളികളായിരുന്നു. ഡോ.ജി.മാധവൻനായർ, ഡോ.എം.ജി.കെ.മേനോൻ, ഡോ.കെ.രാധാകൃഷ്ണൻ. ഇപ്പോൾ ചന്ദ്രയാൻ–3 വിക്ഷേപിക്കുമ്പോഴും അമരത്തു മറ്റൊരു മലയാളി–എസ്.സോമനാഥ്.
English Summary: Dr K Kasturirangan getting well after suffering from heart attack