കരുവന്നൂർ: ഇ.ഡി കണ്ടെത്തിയത് 200 കോടിയുടെ ബെനാമി സ്വത്ത്
Mail This Article
കൊച്ചി ∙ തൃശൂർ കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ ഉൾപ്പെട്ടതായി കരുതുന്ന 200 കോടി രൂപയുടെ വസ്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തി. കേസിലെ പ്രതികൾ, ബന്ധുക്കൾ, കൂട്ടാളികൾ എന്നിവരുടെ പേരിലുള്ള ബെനാമി നിക്ഷേപമായതിനാൽ രേഖകളുടെ പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ കണ്ടുകെട്ടൽ നടപടികളിലേക്കു കടക്കാൻ കഴിയൂ.
നിക്ഷേപകർക്കു നഷ്ടപ്പെട്ടതിന്റെ പകുതി തുകയെങ്കിലും ഇത്തരത്തിൽ വീണ്ടെടുക്കാൻ കഴിഞ്ഞാൽ ബാങ്കിനെ നിലനിർത്താൻ കഴിയുമെന്നാണു സഹകാരികളുടെ പ്രതീക്ഷ. സംസ്ഥാന സഹകരണ റജിസ്ട്രാറെ വിളിച്ചുവരുത്തി ഇ.ഡി സ്ഥിതിഗതികൾ അറിയിച്ചിട്ടുണ്ട്.
കുറഞ്ഞ മൂല്യമുള്ള സ്വത്തുവകകളും മുക്കുപണ്ടങ്ങളും ഈടായി സ്വീകരിച്ച് ഭരണസമിതിയെ നിയന്ത്രിക്കുന്ന പാർട്ടികൾക്കു വേണ്ടപ്പെട്ടവർക്ക് കോടികളുടെ വായ്പ നൽകിയതാണു സഹകരണ ബാങ്കുകൾ നേരിടുന്ന വെല്ലുവിളിയെന്നാണ് കരുവന്നൂരിലെ അന്വേഷണത്തിൽ വ്യക്തമാകുന്നത്.
കേസിൽ അന്വേഷണം പൂർത്തിയാകുംമുൻപ് ജാമ്യത്തിലിറങ്ങി തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും പ്രതിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് ഇ.ഡി സംശയിക്കുന്നു. ഈ സാഹചര്യത്തിൽ ഈമാസം അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കാനുള്ള നിയമോപദേശമാണു ലഭിച്ചിരിക്കുന്നത്.
സ്വകാര്യ പണമിടപാടുകാരൻ പി.സതീഷ്കുമാർ, ഇടനിലക്കാരൻ പി.പി.കിരൺ, സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭാംഗവുമായ പി.ആർ.അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ് സി.കെ.ജിൽസ് എന്നിവർക്കെതിരെയാണു കുറ്റപത്രം ഒരുങ്ങുന്നത്. സെപ്റ്റംബർ നാലിനാണ് സതീഷും കിരണും അറസ്റ്റിലായത്. അരവിന്ദാക്ഷനും ജിൽസും അറസ്റ്റിലായതു പിന്നീടാണ്.
ഇവരുടെ ജാമ്യാപേക്ഷ പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം) പ്രത്യേക കോടതി ഇന്നു പരിഗണിക്കും. അന്വേഷണ പുരോഗതി റിപ്പോർട്ടും സത്യവാങ്മൂലവും ഇ.ഡിയും സമർപ്പിക്കും.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മുൻമന്ത്രി എ.സി.മൊയ്തീൻ, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ എന്നിവർ ഇപ്പോഴും അന്വേഷണ പരിധിയിലാണെന്ന് ഇ.ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. സിപിഎം കൗൺസിലർ മധു അമ്പലപുരം, ഒന്നാംപ്രതി പി.സതീഷ്കുമാറിന്റെ സഹോദരൻ പി.ശ്രീജിത്ത്, സുഹൃത്ത് സുരേഷ്കുമാർ, ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽകുമാർ, നാലാം പ്രതി സി.കെ.ജിൽസിന്റെ ഭാര്യ ടി.എസ്.ശ്രീലത എന്നിവരെ ഇന്നലെ ചോദ്യം ചെയ്തു.