ന്യൂനപക്ഷങ്ങൾക്കു വേണ്ടി ചരിത്രംപോലും തിരുത്തുന്നു: ജി.സുകുമാരൻ നായർ

Mail This Article
ചങ്ങനാശേരി ∙ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സർക്കാരുകളും ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായ നിലപാടുകൾ മാത്രമാണു സ്വീകരിക്കുന്നതെന്ന് എൻഎസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 147–ാമത് ജയന്തിയോടനുബന്ധിച്ചു പെരുന്നയിൽ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുന്നാക്ക സമുദായം ന്യൂനപക്ഷമാണെന്നും അതുകൊണ്ടു മറ്റുള്ളവരെ പിടിച്ചാൽ മതിയെന്നുമാണു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചിന്ത. സർക്കാരുകളെ ജയിപ്പിക്കാൻ വേണ്ട ആളുകളെ അവർ സംഘടിപ്പിച്ചു കഴിഞ്ഞു. പോരായ്മ പരിഹരിക്കാൻ, ബാക്കിയുള്ള ന്യൂനപക്ഷങ്ങളെ സംഘടിപ്പിക്കാനുള്ള ശ്രമമാണ് ഇവിടെയും കേന്ദ്രത്തിലും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘സർക്കാരും രാഷ്ട്രീയ പാർട്ടികളും ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായി നിയമങ്ങളുണ്ടാക്കുന്നു. ചരിത്രംപോലും തിരുത്തിയെഴുതാൻ തയാറാകുന്നു. സമുദായാംഗങ്ങൾ രാഷ്ട്രീയക്കാരാകുന്നതിൽ തെറ്റില്ല. പക്ഷേ, പെറ്റമ്മയായ സമുദായത്തെ തള്ളിപ്പറയരുത്. എൻഎസ്എസ് ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ല. അതുപോലെതന്നെ എൻഎസ് എസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ആരെയും ഇടപെടാൻ അനുവദിക്കുകയുമില്ല. സംഘടനയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനോ പഠിക്കുന്നതിനോ തയാറാകാതെ വിമർശിക്കുന്ന ചിലർ ഇപ്പോഴും സമുദായത്തിലുണ്ട്. അത്തരം എതിർപ്പുകൾ എൻഎസ്എസിന്റെ ഉയർച്ചയ്ക്കു കൂടുതൽ സഹായകരമായിട്ടേയുള്ളൂ’ – സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസ് പ്രസിഡന്റ് ഡോ. എം.ശശികുമാർ അധ്യക്ഷത വഹിച്ചു. ട്രഷറർ എൻ.വി.അയ്യപ്പൻ പിള്ള പ്രസംഗിച്ചു.
മന്നം ജയന്തി ദിനമായ ഇന്നു രാവിലെ 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന നടക്കും. 10.45നു ജയന്തി സമ്മേളനം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ സി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. എൻ.കെ.പ്രേമചന്ദ്രൻ എംപി അനുസ്മരണ പ്രഭാഷണം നടത്തും.