ഉള്ളുനീറി സിപിഒ ഉദ്യോഗാർഥികൾ; സമരത്തിനിടെ ആത്മഹത്യാശ്രമം

Mail This Article
തിരുവനന്തപുരം ∙ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ഒരുമാസം മാത്രം ശേഷിക്കെ പ്രതിഷേധങ്ങളിലേക്ക് സർക്കാർ ശ്രദ്ധ തിരിക്കാൻ സ്വന്തം ജീവൻ നൽകണോ എന്ന് ചോദിച്ച് കേരള പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് (സിപിഒ).
ഇന്നലെ വൈകിട്ട് പ്രതിഷേധത്തിന്റെ ഭാഗമായി റോഡ് ഉപരോധിക്കുന്നതിനിടെ 4 ഉദ്യോഗാർഥികൾ തലയിൽ പെട്രോൾ ഒഴിച്ചു ആത്മഹത്യാ ഭീഷണി മുഴക്കി. തീ കൊളുത്താൻ ശ്രമിക്കവേ പൊലീസ് ഇടപെട്ടു. ഇവരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. രാത്രി വൈകിയും റോഡ് ഉപരോധവും പ്രതിഷേധവും തുടർന്നു. സർക്കാർ ചർച്ചയ്ക്കു വിളിക്കാതെ റോഡ് ഉപരോധങ്ങൾ അവസാനിപ്പിക്കില്ലെന്നും കടുത്ത സമരമുറകളിലേക്കു കടക്കുമെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.
7 ബറ്റാലിയനുകളിലായി 13,975 പേർ ഉൾപ്പെട്ട പട്ടികയിൽ 10,235 ഉദ്യോഗാർഥികൾ ഇപ്പോഴും തൊഴിൽരഹിതരായി തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിലും പൊലീസ് ആസ്ഥാനത്തും ഉദ്യോഗാർഥികൾ പലതവണ കയറിയിറങ്ങിയിട്ടും നിയമനം നൽകാത്തതിനെത്തുടർന്നാണ് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ആരംഭിച്ചത്.
പുല്ല് തിന്നും കുരിശു ചുമന്നും റോഡിൽ ശയനപ്രദക്ഷിണം വച്ചും ഐസ് നിറച്ച ടാങ്കിൽ കിടന്നും 51 കലത്തിൽ പൊങ്കാല ഇട്ടും ഉദ്യോഗാർഥികളും കുടുംബാംഗങ്ങളും പ്രതിഷേധിച്ചെങ്കിലും ഇതുവരെ സർക്കാർ തിരിഞ്ഞുനോക്കിയിട്ടില്ല.
ഇന്നലെ രാവിലെ എല്ലാ ജില്ലകളിലെയും ഉദ്യോഗാർഥികളെ പങ്കെടുപ്പിച്ച് മഹാസംഗമം നടത്തി. ഉദ്യോഗാർഥികളുടെ കുടുംബാംഗങ്ങൾ, സുഹ്യത്തുക്കൾ, സാമൂഹിക രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുത്തു. എം.വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉദ്യോഗാർഥികളോട് സർക്കാർ കാണിക്കുന്നത് കടുത്ത അനീതിയാണെന്ന് സമരപ്പന്തൽ സന്ദർശിച്ച ശശി തരൂർ എംപി പറഞ്ഞു.
മാത്യു കുഴൽനാടൻ എംഎൽഎ, കെ.എസ്. ശബരിനാഥൻ, മൻസൂർ അലി കാപ്പുങ്കൽ, കെ.എം. ഷാജഹാൻ, ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, ആർവൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്ണുമോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.