കേരളത്തിന്റെ വികസനം: എല്ലാവരുമായി ഒരുമിച്ച് മുന്നോട്ടു പോകുമെന്ന് കേന്ദ്രമന്ത്രി
Mail This Article
നെടുമ്പാശേരി ∙ കേരളത്തിന്റെ വികസനത്തിനായി എല്ലാവരുമായി ഒരുമിച്ച് മുന്നോട്ടു പോകുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ അദ്ദേഹത്തെ വിമാനത്താവളത്തിൽ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ജനങ്ങളുമായും ബന്ധപ്പെട്ടവരുമൊക്കെയായി സംസാരിച്ച ശേഷമാകും വികസന കാര്യങ്ങളിൽ തീരുമാനമെടുക്കുക എന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി വീണാ ജോർജിന്റെ കുവൈത്ത് യാത്രയ്ക്ക് അനുമതി നൽകാതിരുന്നത് കഴിഞ്ഞ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അത് തന്റെ വകുപ്പുമായി ബന്ധപ്പെട്ട കാര്യവുമല്ല. മുതലപ്പൊഴി വിഷയത്തിൽ ഫയൽ എത്തിച്ച് പ്രശ്നം വിശദമായി പരിശോധിക്കും. പിന്നീട് അവിടെ സന്ദർശിക്കും. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ തയാറാക്കുന്ന വിശദമായ പദ്ധതിരേഖയും പഠന വിധേയമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിമാനത്താവളത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്.രാധാകൃഷ്ണൻ, സെക്രട്ടറി ഡോ. രേണു സുരേഷ്, വക്താവ് ടി.പി.സിന്ധുമോൾ, ജില്ലാ പ്രസിഡന്റ് കെ.എസ്.ഷൈജു, ദേശീയ സമിതി അംഗം പി.എം.വേലായുധൻ, ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിൾ മാത്യു, സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ബിജെപി ജില്ലാ ഭാരവാഹികളായ എസ്.സജി, വി.കെ.ഭസിത്കുമാർ, എം.എ.ബ്രഹ്മരാജ്, എൻ.പി.ശങ്കരൻകുട്ടി, സാബു വർഗീസ്, എം.എൻ.ഗോപി, ബാബു കരിയാട്, ദിനിൽ ദിനേശ്, സേതുരാജ് ദേശം തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.