തസ്തിക നഷ്ടപ്പെടുന്നവർക്ക് പുനർവിന്യാസം 10ന് മുൻപ്
Mail This Article
തിരുവനന്തപുരം ∙ മുൻ വർഷങ്ങളിലെല്ലാം അനിശ്ചിതമായി വൈകി ഫലമില്ലാതെ പോയ, പൊതുവിദ്യാലയങ്ങളിലെ തസ്തിക നിർണയം ഇത്തവണ ചട്ടപ്രകാരം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികളുമായി സർക്കാർ. ഇതനുസരിച്ച് കുട്ടികളുടെ കുറവ് മൂലം തസ്തികകൾ നഷ്ടപ്പെടുന്ന അധ്യാപകരെയും ജീവനക്കാരെയും ജൂലൈ 10ന് മുൻപ് ഡിഡിമാർ പുനർവിന്യസിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു. ജൂലൈ 15ന് ഇവർ പുതിയ സ്ഥലങ്ങളിൽ ജോലിയിൽ പ്രവേശിക്കണം.
ചട്ടപ്രകാരം സംരക്ഷണാനുകൂല്യമുള്ള അധ്യാപകരെ മാത്രമാണ് പുനർവിന്യസിക്കേണ്ടത്. 2014–2015 അധ്യയന വർഷം വരെ റഗുലർ സർവീസിൽ പ്രവേശിച്ചവർക്കും പിന്നീടുള്ള വിവിധ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ സർവീസിൽ തുടരുന്നവർക്കുമാണ് പുനർവിന്യാസത്തിന് അർഹത. സംരക്ഷിത ഹൈസ്കൂൾ അധ്യാപകരെ പുനർവിന്യസിക്കാൻ ജില്ലയിൽ ആ വിഭാഗത്തിൽ ഒഴിവുകൾ ഇല്ലെങ്കിൽ യുപി സ്കൂളുകളിലെ എച്ച്ടിവി തസ്തികകളിൽ ശമ്പള സംരക്ഷണത്തോടെ വിന്യസിക്കാം.
ഒന്നിലധികം സ്കൂളുകളുള്ള എയ്ഡഡ് മാനേജ്മെന്റുകളിലെ ഒരു സ്കൂളിൽ നിന്ന് തസ്തിക നഷ്ടപ്പെട്ടവരെ മറ്റു സ്കൂളുകളിലെ അർഹമായ തസ്തികകളിൽ നിയമിക്കാം. അതിനു ശേഷവും തസ്തികയില്ലാതെ പുറത്താകുന്ന സംരക്ഷിത അധ്യാപകരുടെ വിവരങ്ങൾ സംബന്ധിച്ച് മാനേജർമാർ സത്യപ്രസ്താവന നൽകണം. ജില്ലയിൽ പുനർവിന്യസിക്കാൻ കഴിയാത്ത സംരക്ഷിത അധ്യാപകരെയും ജീവനക്കാരെയും അന്തർജില്ലാ പുനർവിന്യാസത്തിന് പരിഗണിക്കും.
ജില്ലയിലെ പുനർവിന്യാസത്തിന് ശേഷം അതിൽ ഉൾപ്പെടുത്താൻ കഴിയാത്ത സംരക്ഷിത ജീവനക്കാരുടെയും ഒഴിവുകളുടെയും വിവരങ്ങൾ ജൂലൈ 10ന് വൈകിട്ട് 5ന് മുൻപ് തന്നെ ഡിഡിമാർ പൊതുവിദ്യാഭ്യാസ ഡയറക്ടറെ അറിയിക്കണം. സമന്വയ പോർട്ടലിൽ അധ്യാപക ബാങ്ക് പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ സമയക്രമം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ജൂലൈ 20ന് ആണ് ഇത് പൂർത്തിയാകുന്നത്. ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ കണക്ക് അനുസരിച്ചാണ് തസ്തിക നിർണയം. ആധാർ വിവരങ്ങൾ കൃത്യമായ കുട്ടികളുടെ എണ്ണം മാത്രമാണ് ഇതിനായി പരിഗണിക്കുന്നത്.