ADVERTISEMENT

ആറന്മുള (പത്തനംതിട്ട) ∙ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ജീവിതത്തിലേക്കു തിരിച്ചെത്തി വിശ്രമിക്കുന്നതിനിടെ മറ്റൊരു ജീവൻ രക്ഷിക്കുക. 3 മാസം മുൻപ് പണിമുടക്കിയ തന്റെ ഹൃദയം പോലും രഞ്ജിത്തിനു വേണ്ടി കയ്യടിച്ചു കാണണം. പമ്പയുടെ ആഴങ്ങളിൽനിന്ന് മാലക്കര വടക്കുംമൂട്ടിൽ രഞ്ജിത് ആർ.മോഹൻ (40) കൈ പിടിച്ചുയർത്തിയത് ഒരു യുവതിയുടെ ജീവനാണ്. ‌കോയിപ്രം നെല്ലിക്കൽ വെളുത്തേടത്തുകടവിൽ ഇന്നലെ രാവിലെയാണ് കാൽവഴുതി വീണ യുവതി ഒഴുക്കിൽപെട്ടത്. 50 മീറ്ററോളം ഒഴുകിയ ശേഷം നദിയോരത്തെ വള്ളിയിൽ പിടിത്തം കിട്ടി. നദിയുടെ മറുകരയിലുള്ള വീടിനു പുറത്തു നിൽക്കുമ്പോളാണ് യുവതിയുടെ നിലവിളി കേൾക്കുന്നത്. 

യുവതിയോട് വള്ളിയിൽനിന്ന് പിടിവിടല്ലെന്നു പറഞ്ഞ ശേഷം രഞ്ജിത് 2 സുഹ‍ൃത്തുക്കളുമൊത്ത് ബൈക്കിൽ 3 കിലോമീറ്റർ ചുറ്റി അക്കരെ കടവിലെത്തി. അടുത്ത് വീടുകളൊന്നും ഇല്ലാതിരുന്നതിനാൽ യുവതിയുടെ നിലവിളി ആർക്കും കേൾക്കാനും കഴിഞ്ഞില്ല. യുവതിയുടെ ബക്കറ്റും ചെരിപ്പും കണ്ടതോടെ അടുത്താണെന്നുറപ്പിച്ച് കരയിലൂടെ നടന്നു. യുവതിയെ കണ്ടെത്തിയ രഞ്ജിത് ‘ഞങ്ങളുടെ ജീവൻ കൊടുത്തും നിന്നെ രക്ഷിക്കും’ എന്നു പറഞ്ഞ് പുഴയിലിറങ്ങി നിലയില്ലാത്ത വെള്ളത്തിൽ നിന്ന് വലിച്ച് കരയ്ക്കടുപ്പിക്കുകയായിരുന്നു. സുഹൃത്തുക്കളായ ഉണ്ണിയും വിജയനും ചേർന്നു യുവതിയെ കരയ്ക്കുകയറ്റി. ഉടൻ ആശുപത്രിയിലെത്തിച്ചു. 

‘എങ്ങനെയും ആ കുട്ടിയെ രക്ഷിക്കണമെന്ന തോന്നലായിരുന്നു. വിശ്രമത്തിലായതിനാൽ നല്ല ഒഴുക്കുള്ള സമയത്ത് 100 മീറ്ററോളം ദൂരം പുഴയ്ക്കു കുറുകെ നീന്താൻ സാധിക്കില്ലെന്നു തോന്നി. അതിനാലാണ് ബൈക്കിൽ പോയത്’ – രഞ്ജിത് പറഞ്ഞു. 3 മാസം മുൻപാണ് രഞ്ജിത്തിന് ഹൃദയാഘാതമുണ്ടായത്. മാലക്കര പള്ളിയോടത്തിന്റെ ഒന്നാം അടനയമ്പുകാരനാണ് ഡ്രൈവറായ രഞ്ജിത്.

English Summary:

Ranjit R. Mohan who underwent angioplasty three months ago saved life of woman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com