ADVERTISEMENT

തിരുവനന്തപുരം ∙ പി.വി.അൻവർ എംഎൽഎയുടെ ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിക്കള‍ഞ്ഞ സാഹചര്യത്തിൽ പാർട്ടിയുടെ മുന്നിലുള്ള പരാതിയുടെ ഗതിയും അതുതന്നെയാകുമെന്ന സൂചനയാണു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാർത്തക്കുറിപ്പിലുള്ളത്.

എഡ‍ിജിപി എം.ആർ.അജിത്കുമാറിനെതിരെ മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ പകർപ്പാണ് എം.വി.ഗോവിന്ദനും അൻവർ കൈമാറിയത്. അതിൽ പി.ശശിക്കെതിരെ പരാമർശമില്ലെന്നു പാർട്ടി വ്യക്തമാക്കിയതോടെ രണ്ടാമതൊരു കത്ത് എകെജി സെന്ററിൽ എത്തിച്ചു. അൻവറിന്റെ പരാതികൾ പരിശോധിക്കുമെന്ന നിലപാടാണ് അന്നു ഗോവിന്ദനും എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണനും സ്വീകരിച്ചത്.

അൻവർ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മാധ്യമങ്ങളെ കണ്ടപ്പോൾ മൗനം പാലിച്ച സിപിഎം നേതൃത്വം, മുഖ്യമന്ത്രി നേരിട്ടിറങ്ങിയതോടെ എംഎൽഎയെ തള്ളിപ്പറഞ്ഞ് വാർത്തക്കുറിപ്പ് ഇറക്കുകയായിരുന്നു. സർക്കാരിലും പാർട്ടിയിലും തന്റെ വാക്കിന് എതിർശബ്ദമില്ലെന്ന് ഇതുവഴി ഒരിക്കൽക്കൂടി തെളിയിക്കുകയാണു പിണറായി. അൻവറിനെ മുന്നിൽനിർത്തി തനിക്കെതിരെ പാർട്ടിയിൽ ഒരുവിഭാഗം നടത്തുന്ന ഒളിപ്പോരായി വരെ വ്യാഖ്യാനിക്കപ്പെട്ട നീക്കങ്ങളെയാണു പിണറായി വെട്ടിയത്.

അൻവറിന്റെ പരാതികളിൽ കഴമ്പുണ്ടെന്നു വിശ്വസിക്കുന്നവർ സിപിഎമ്മിലും ഇടതുമുന്നണിയിലുമുണ്ട്. മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടിയുടെയും മുന്നണിയുടെയും പൊതുനിലപാടായി വ്യാഖ്യാനിക്കേണ്ടതില്ലെന്നു വാദിക്കുന്നവരാണിവർ. അക്കാര്യം പാർട്ടിവേദികളിൽ ഉയർത്താൻ ഒരു വിഭാഗം നേതാക്കൾ തയാറാകുമെന്ന പ്രചാരണങ്ങൾക്കിടെയാണ് പാർട്ടിയും പിണറായിയുടെ ‘ലൈൻ’ പിടിച്ചത്.

അൻവറിനൊപ്പം നിന്നാൽ പി.ശശിക്കെതിരായ ആരോപണങ്ങൾ ശരിവയ്ക്കുന്നുവെന്ന വ്യാഖ്യാനമുണ്ടാകുമെന്നും അതു ദോഷം ചെയ്യുമെന്നും പാർട്ടി ചിന്തിച്ചു. സംസ്ഥാന കമ്മിറ്റിയംഗമായ ശശി മാതൃകാപരമായ പ്രവർത്തനമാണു നടത്തുന്നതെന്നും ആരോപണങ്ങൾ അവജ്ഞയോടെ തള്ളുന്നുവെന്നും വ്യക്തമാക്കിയ പിണറായിയുടെ പ്രസ്താവനയെ നേതൃത്വം ഫലത്തിൽ പിന്താങ്ങുകയാണ്.

സിപിഎമ്മിനെ ദുർബലമാക്കുന്ന സമീപനത്തിൽനിന്ന് അൻവർ പിൻമാറണമെന്ന അഭ്യർഥനയാണു വാർത്തക്കുറിപ്പിലുള്ളതെങ്കിലും പോരാട്ടം തുടരാനാണു ഭാവമെങ്കിൽ പാർട്ടി ഒപ്പമുണ്ടാകില്ലെന്ന മുന്നറിയിപ്പിന്റെ സ്വരമാണ് അതിൽ അടങ്ങുന്നത്.

എംഎൽ‍എയെ മുന്നിൽനിർത്തി സിപിഎമ്മിൽ തനിക്കെതിരെ നടക്കുന്ന നീക്കത്തിനു തടയിടാനാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലൂടെ ശ്രമിച്ചത്. കള്ളക്കടത്തു വിഹിതം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കു ലഭിച്ചെന്ന ആരോപണം ഉന്നയിക്കുന്നത് സിപിഎം പിന്തുണയോടെ വിജയിച്ച എംഎൽഎയാണ്.

English Summary:

CPM may reject PV Anvar's complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com