ADVERTISEMENT

കണ്ണൂർ ∙ പാർട്ടിയുടെ യശസ്സിനു കളങ്കമുണ്ടാക്കുന്ന വിധത്തിൽ പെരുമാറിയെന്നു ചൂണ്ടിക്കാട്ടി ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.പി.ദിവ്യയെ തരംതാഴ്ത്താൻ പാർട്ടി തീരുമാനിച്ചെങ്കിലും കൈവിടാതെ നേതാക്കൾ. ജാമ്യം ലഭിച്ച വിവരം പുറത്തുവന്നതിനു പിന്നാലെ പള്ളിക്കുന്ന് വനിതാ ജയിലിനു മുന്നിലേക്ക് മിനിറ്റുകൾക്കുള്ളിൽ നേതാക്കൾ കുതിച്ചെത്തി.

ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി.ഗോപിനാഥും ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിനോയ് കുര്യനുമാണ് ആദ്യമെത്തിയത്. പി.വി.ഗോപിനാഥിന്റെ അമ്മാവന്റെ മകനാണ് പെട്രോൾ പമ്പ് അപേക്ഷകനായ ടി.വി.പ്രശാന്ത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.സുകന്യ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യയും ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ.ശ്യാമള, എം.വി.സരള തുടങ്ങിയവരും പിന്നാലെയെത്തി. എന്നാൽ, ദിവ്യ പുറത്തിറങ്ങുന്നതു വൈകിയതോടെ ഏറെനേരം കാത്തുനിന്ന് ഇവർ തിരിച്ചുപോയി.

ദിവ്യയുടെ ജാമ്യാപേക്ഷകളിൽ വാദം നടക്കുമ്പോഴും വിധി പറയുമ്പോഴും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജർ തലശ്ശേരി കോടതിയിൽ ഉണ്ടായിരുന്നു. ദിവ്യ പൊലീസിൽ കീഴടങ്ങാൻ എത്തുമ്പോഴും ഷാജർ ഒപ്പമുണ്ടായിരുന്നു. വൈകിട്ട് അ‍ഞ്ചിന് ദിവ്യ പുറത്തിറങ്ങുന്നതു വരെ ഷാജർ ജയിൽ പരിസരത്ത് കാത്തുനിന്നു.

കീഴടങ്ങിയ ശേഷം ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫിസിലും കസ്റ്റഡിയിൽ വാങ്ങിയ ശേഷം ചോദ്യം ചെയ്യാൻ എസിപി ഓഫിസിലും എത്തിച്ചപ്പോഴും ജില്ലാ പഞ്ചായത്ത് നിയുക്ത പ്രസിഡന്റ് കെ.കെ.രത്‌നകുമാരിയും മറ്റു നേതാക്കളും എത്തിയിരുന്നു. കീഴടങ്ങിയ ദിവസം രാത്രി തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന്റെ വീട്ടിലെത്തിച്ചപ്പോഴും നേതാക്കളെത്തി.

ദിവ്യയെ കാണാൻ നേതാക്കൾ പോയതിൽ തെറ്റില്ലെന്ന നിലപാടാണ് എം.വി.ഗോവിന്ദനും വ്യക്തമാക്കിയത്. ദിവ്യ പാർട്ടി കേഡറായിരുന്നു. കേഡർക്ക് പിശകുപറ്റി. അത് തിരുത്തി മുന്നോട്ടുപോകും എന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം. സിപിഎം കേന്ദ്രകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ.ശ്രീമതിയും മന്ത്രി ആർ.ബിന്ദുവും ദിവ്യയെ പിന്തുണച്ച് പ്രതികരണങ്ങളുമായെത്തി.

English Summary:

Care and support from CPM for PP Divya remains unwavering

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com