കുറുവസംഘത്തിന്റെ മോഷണം: ഗ്രീൻ സിഗ്നലായി നെഞ്ചിലെ പേര്; പിന്തുടർന്ന് പൊലീസ് എത്തിയത് കുണ്ടന്നൂരിൽ
Mail This Article
ആലപ്പുഴ ∙ കൊച്ചി കുണ്ടന്നൂർ മേൽപാലത്തിനു താഴെ നിന്നു ശനിയാഴ്ച രാത്രി മണ്ണഞ്ചേരി പൊലീസ് സാഹസികമായി പിടികൂടിയ കുറുവ സംഘാംഗം തമിഴ്നാട് തേനി കാമാക്ഷിപുരം ചന്ദനമാരിയമ്മൻ കോവിൽ സ്ട്രീറ്റിൽ സന്തോഷ് ശെൽവം (25) തന്നെയാണു ജില്ലയിലെ രണ്ടു മോഷണക്കേസിലെ പ്രതിയെന്നു സ്ഥിരീകരിച്ചു.
മണ്ണഞ്ചേരിയിൽ വീടുകളുടെ പിൻവാതിൽ പൊളിച്ച് അകത്തുകയറി സ്ത്രീകളുടെ ആഭരണങ്ങളാണു കവർന്നത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യത്തിൽ കാണുന്ന രണ്ടാമനെപ്പറ്റി വിവരം ലഭിച്ചെന്നു പൊലീസ് അറിയിച്ചു. കുണ്ടന്നൂരിൽ നിന്നു സന്തോഷിനൊപ്പം പിടിയിലായ മണികണ്ഠന് മോഷണത്തിൽ പങ്കുണ്ടോയെന്നു പരിശോധിക്കുന്നു.
ഗ്രീൻ സിഗ്നലായി നെഞ്ചിലെ പേര്
സന്തോഷ് ശെൽവം നെഞ്ചിൽ പച്ച കുത്തിയത് ഭാര്യയുടെ പേര്: ജ്യോതി. മോഷണം നടന്ന കോമളപുരത്തെ സിസിടിവി ക്യാമറകൾ അതു കണ്ടു. ആ ‘പച്ചപ്പേര്’ അന്വേഷണത്തിൽ പൊലീസിനു ഗ്രീൻ സിഗ്നലായി. സന്തോഷിനെ പിടികൂടിയപ്പോൾ ആദ്യം നോക്കിയതു നെഞ്ചിലാണ്. അതോടെ ഉറപ്പായി; പ്രതി ഇതുതന്നെ.
മോഷണ സമയത്ത് കൈയുറയും മുഖംമൂടിയും ധരിക്കുന്നതിനാൽ ഒരു തെളിവും ശേഷിപ്പിക്കാറില്ല കുറുവ സംഘങ്ങൾ. കുഴങ്ങിയ പൊലീസിനു പച്ചകുത്തൽ കച്ചിത്തുരുമ്പായി. തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ പച്ചകുത്തിയ സ്ഥിരം മോഷ്ടാക്കളുടെ വിവരങ്ങൾ തേടി. അങ്ങനെയാണു സന്തോഷിലേക്ക് എത്തിയത്.
കുറുവ സംഘത്തിൽ നിന്നു പിരിഞ്ഞ മുൻ മോഷ്ടാക്കളെയും ബന്ധപ്പെട്ടു. പാലായിലെ മോഷണക്കേസിൽ പ്രതിയായ ഒരാളിൽ നിന്നാണു കൂടുതൽ വിവരം കിട്ടിയത്. മോഷണം നിർത്തി നല്ല നടപ്പിലായിരുന്നു ഇയാൾ. ആദ്യം സന്തോഷിന്റെ പഴയ മൊബൈൽ നമ്പറും പിന്നാലെ ഇപ്പോഴത്തെ നമ്പറും കണ്ടെത്തി. ടവർ ലൊക്കേഷൻ നോക്കിയപ്പോൾ കുണ്ടന്നൂർ.
നാലു ദിവസത്തെ ഓപ്പറേഷൻ
മണ്ണഞ്ചേരി പൊലീസ് വേഷം മാറി 4 ദിവസമാണു കുണ്ടന്നൂർ പാലത്തിനടിയിലെ സംഘത്തെ നിരീക്ഷിച്ചത്. ശനിയാഴ്ച വൈകിട്ടു പാലത്തിനു താഴെയെത്തി അവിടെ കൂടാരമുണ്ടാക്കി താമസിക്കുന്നവരെ ചോദ്യം ചെയ്ത ശേഷം സന്തോഷിനെയും മണികണ്ഠനെയും കസ്റ്റഡിയിലെടുത്തു.
അതോടെ സംഘത്തിലെ സ്ത്രീകൾ പൊട്ടിത്തെറിച്ച് പൊലീസിനെ വളഞ്ഞു. ആ തക്കം നോക്കിയാണു സന്തോഷ് കടന്നത്. തവളയെപ്പോലെ രണ്ടു ചാട്ടം ചാടി ഇയാൾ അടുത്തുള്ള തോട്ടിലെത്തുന്നതു കണ്ട് പൊലീസ് അന്തംവിട്ടു. കൂടാരത്തിനകത്തു സന്തോഷ് ഒളിച്ചിരുന്നത് ഒരു കുഴിയിലാണ്. സമീപം വലിയൊരു കത്തി. മോഷണത്തിനും വാതിൽ പൊളിക്കാനും ആക്രമണത്തിനുമുള്ള ആയുധം. സന്തോഷിനു കത്തിയെടുക്കാൻ സമയം കിട്ടും മുൻപേ പൊലീസ് കീഴടക്കിയതിനാൽ കത്തിക്കുത്തുണ്ടായില്ല.
പകൽ മീൻപിടിത്തവും രാത്രി മോഷണവുമാണു സന്തോഷിന്റെ രീതി. താമസിക്കുന്നതു ഭാര്യയും മക്കളും ബന്ധുക്കളുമൊത്ത്. ഭാര്യയും മറ്റു സ്ത്രീകളും പകൽ മീൻപിടിക്കും. പരിസരവാസികൾക്ക് ഇവരുടെ രീതികളിൽ സംശയം തോന്നിയിരുന്നു.