ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ആലപ്പുഴ ∙ കുറുവ സംഘത്തിലുള്ളവർ കുണ്ടന്നൂർ പാലത്തിനടിയിൽ വ്യായാമം ചെയ്യുന്നതിന്റെ വിഡിയോ പൊലീസിനു ലഭിച്ചു. ‘ഫിറ്റ്നെസി’ന്റെ കാര്യത്തിൽ ഇവർ കണിശക്കാരാണെന്നു പൊലീസ് പറയുന്നു. മോഷണത്തെ എതിർക്കുന്നവരെ വേണ്ടിവന്നാൽ ആക്രമിക്കാനും ഏതു സാഹചര്യത്തിലും പിടിക്കപ്പെടാതെ കടന്നുകളയാനും ഇവർ പരിശീലനം നേടുന്നുണ്ടെന്നാണു വിവരം.

ഉല്ലാസയാത്രയ്ക്കും മറ്റും ഇവരുടെ പക്കൽ പണമുണ്ട്. കേരളത്തിലെത്തി വഴിവക്കിൽ താമസിക്കുന്ന ഇവർക്കു തമിഴ്നാട്ടിൽ വലിയ വീടുകളും സൗകര്യങ്ങളുമുണ്ടെന്നു പൊലീസ് പറയുന്നു. കഴിഞ്ഞ ഡിസംബർ 31ന് പുതുവർഷം ആഘോഷിക്കാൻ സംഘം കുടുംബസമേതം ആലപ്പുഴ ബീച്ചിലും മറ്റും എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. സൗത്ത് പൊലീസ് സ്റ്റേഷനു സമീപം കനാൽക്കരയിൽ സ്ഥാപിച്ച ‘ഐ ലവ് ആലപ്പുഴ’ എന്ന ബോർഡിനടുത്തു നിന്നു മുൻപു സന്തോഷ് ശെൽവം ചിത്രം പകർത്തി വാട്സാപ്പിൽ ഡിസ്പ്ലേ പിക്ചറാക്കിയിരുന്നു. പാലായിലെ മോഷണത്തിനു പിടിക്കപ്പെട്ടപ്പോൾ ഇതു സന്തോഷിന്റെ ഫോണിൽ കണ്ടെത്തി.

ഡ്രസ് റിഹേഴ്സൽ

സന്തോഷ് ശെൽവം തന്നെയാണു മണ്ണഞ്ചേരിയിൽ മോഷണം നടത്തിയതെന്ന് ഉറപ്പിക്കാൻ പൊലീസ് അയാളെ വീണ്ടും മോഷണസമയത്തെ വസ്ത്രങ്ങൾ ധരിപ്പിച്ചു പരിശോധിച്ചു. ഒക്ടോബർ 29ന് മണ്ണഞ്ചേരി നേതാജി ജംക്‌ഷനു സമീപം മോഷണശ്രമം നടന്ന വീട്ടിലാണ് ഇതിനായി പൊലീസ് സന്തോഷിനെ എത്തിച്ചത്. മോഷണസമയത്തു ധരിച്ച രീതിയിൽ വസ്ത്രം ധരിപ്പിച്ചു വീട്ടുകാരെ കാണിച്ച് ഉറപ്പു വരുത്തി. കുണ്ടന്നൂരിൽ നിന്ന് ആലപ്പുഴയിലെത്തിച്ചു ചോദ്യം ചെയ്ത ശേഷം പുലർച്ചെ 3 ന് ആണ് മണ്ണഞ്ചേരിയിൽ എത്തിച്ചത്.

നേതാജി ജംക്‌ഷനിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യത്തിൽ സന്തോഷ് ശെൽവത്തിന്റെ ദേഹത്തെ പച്ചകുത്തൽ വ്യക്തമായി കണ്ടിരുന്നു. അവിടെ ഇന്നലെ പുലർച്ചെ എത്തിച്ചപ്പോൾ വെളിച്ചം വ്യത്യസ്തമായിരുന്നു. മോഷണത്തിനു ശേഷം മിക്ക വീട്ടുകാരും മുഴുവൻ സമയവും വിളക്കുകൾ തെളിക്കുന്നതിനാൽ ദൃശ്യത്തിലെപ്പോലെ ഒത്തുവന്നില്ല. തുടർന്ന് കുറച്ചു ലൈറ്റുകൾ പൊലീസ് അണച്ചു പഴയ സാഹചര്യം പുനഃസൃഷ്ടിച്ചു. ഇൻഫ്രാറെഡ് ലൈറ്റും ഉപയോഗിച്ചു.

സന്തോഷിനെ എത്തിച്ചപ്പോൾ അയാളുടെ നടത്തത്തിൽ വ്യത്യാസം. മോഷണത്തിനെത്തിയപ്പോൾ അൽപം കുനിഞ്ഞാണു നടന്നിരുന്നത്. വീണ്ടും നടത്തിക്കുന്നത് എന്തിനാണെന്നു സന്തോഷിന് അറിയാമെന്നതിനാൽ മനഃപൂർവം ‘പോസ്’ മാറ്റിയതാണെന്നാണു പൊലീസിന്റെ നിഗമനം. വർഷങ്ങൾക്കു മുൻപു പാലക്കാട്ടു നടത്തിയ മോഷണത്തിൽ സന്തോഷിന്റെ വിരലടയാളം ലഭിച്ചതു പാലായിലെ കേസിൽ പ്രയോജനപ്പെട്ടിരുന്നു. അതു മണ്ണഞ്ചേരി മോഷണക്കേസുകളിലും സഹായകമാകും. പാലായിലെ കേസിൽ കൂട്ടാളികളായ പശുപതി, അർജുൻ എന്നിവർ ഇപ്പോഴും ജയിലിലാണെന്നാണു സന്തോഷ് പറഞ്ഞത്. മണികണ്ഠനെതിരെ ഏതെങ്കിലും സ്റ്റേഷനുകളിൽ കേസുണ്ടോയെന്നു പരിശോധിച്ച ശേഷം നിരപരാധിയെങ്കിൽ വിട്ടയയ്ക്കുമെന്നു പൊലീസ് പറഞ്ഞു.  

English Summary:

Police Obtain Video of Kuruv Group Exercising Under Kundannoor Bridge

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com