നവകേരള സദസ്സ്: നിവേദനം പലതും താഴേക്കു തട്ടി സർക്കാർ; 94% നിവേദനങ്ങളിലും നടപടിയെടുത്തെന്ന് അവകാശവാദം
Mail This Article
തിരുവനന്തപുരം ∙ മന്ത്രിസഭയൊന്നാകെ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചു സംഘടിപ്പിച്ച നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങളിൽ 94 ശതമാനത്തിൽ നടപടിയെടുത്തെന്നു സർക്കാർ അവകാശപ്പെടുമ്പോഴും അധികം നിവേദനങ്ങളും താഴേക്കു കൈമാറി നടപടി അവസാനിപ്പിക്കുകയാണു ചെയ്തത്. തദ്ദേശസ്ഥാപനങ്ങളിലേക്കാണു മിക്ക പരാതികളുമെത്തിയത്. ഇവ സമയബന്ധിതമായി പരിഹരിക്കാനായോ എന്നു പരിശോധിച്ചതുമില്ല.
ഡിസംബർ 9 മുതൽ 2025 ജനുവരി 13 വരെ താലൂക്ക് തല അദാലത്തുകൾ നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കെയാണു കഴിഞ്ഞവർഷത്തെ നവകേരള സദസ്സിലെ പരാതികളിൽ പലതും തീർപ്പാകാതെ കിടക്കുന്നത്.
6 ശതമാനത്തോളം പരാതികളാണു നടപടിയെടുക്കാതെ ശേഷിക്കുന്നതെന്നും സാങ്കേതിക കാരണങ്ങളാൽ പരിശോധന പൂർത്തിയായില്ലെന്നും സർക്കാർ പറയുന്നു. അപേക്ഷകന്റെ പേരും വിലാസവും ഫോൺനമ്പറും സംബന്ധിച്ചുള്ള സംശയങ്ങളാണു പ്രധാനം. ഇവ പ്രത്യേകം പരിശോധിക്കാൻ കലക്ടർമാർക്കു നിർദേശം നൽകിയിട്ടുണ്ടെന്നു സർക്കാർ വിശദീകരിച്ചു.
∙ ആ റോഡ് അതേപടി തന്നെ
തിരുവനന്തപുരം നെടുമങ്ങാട് നഗരത്തിലെ കാർഷികച്ചന്തയ്ക്കു മുൻപിൽ ഉയരത്തിലുള്ള റോഡ് ഇടിഞ്ഞുതാഴ്ന്നുള്ള അപകടാവസ്ഥ നവകേരള സദസ്സിൽ വാളിക്കോട് റസിഡന്റ്സ് അസോസിയേഷന്റെ പരാതിയായി നൽകിയിരുന്നു. കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണു റോഡ്. എന്നാൽ, അപകടാവസ്ഥ പരിഹരിക്കാൻ കൃഷിവകുപ്പിനു ഫണ്ടില്ല. ആവശ്യത്തിനു ഫണ്ട് നൽകിയോ, മരാമത്തു വകുപ്പോ, തദ്ദേശസ്ഥാപനമോ ഏറ്റെടുത്തോ ഈ സ്ഥിതി പരിഹരിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.
എന്നാൽ നവകേരള സദസ്സിൽ ലഭിച്ച പരാതി നേരെ നെടുമങ്ങാട് നഗരസഭയ്ക്കു വിടുകയാണു ചെയ്തത്. അപകടാവസ്ഥ സത്യമാണെന്നും പരിഹാരം കാണേണ്ടതുണ്ടെന്നു ബോധ്യപ്പെട്ടെന്നും നഗരസഭാ സെക്രട്ടറി പരാതിക്കാരനു മറുപടി നൽകി. വലിയ ലോറികളടക്കം ചന്തയിലേക്കു വന്നു പോകുന്ന റോഡ് ഇപ്പോഴും അപകടാവസ്ഥയിൽതന്നെ തുടരുന്നു.
∙ പരാതികൾ നൽകാം, 28 മുതൽ ഡിസംബർ 5 വരെ
നവകേരള സദസ്സിനായി പ്രത്യേക പോർട്ടൽ തുറന്നിരുന്നെങ്കിലും പരാതികളുടെ രസീത് നമ്പറോ പരാതിയിലുള്ള മൊബൈൽ നമ്പറോ മാത്രം ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്ന രീതിയിലാണു ക്രമീകരിച്ചിരിക്കുന്നത്. 45 ദിവസത്തിനകം പരാതികൾ തീർപ്പാക്കുമെന്നാണു സർക്കാർ അറിയിച്ചിരുന്നതെങ്കിലും ഈ സമയപരിധി പാലിക്കാനായില്ല. കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളിലായിരുന്നു നവകേരള സദസ്സ്. ഈ വർഷം പരാതികൾ നവംബർ 28 മുതൽ ഡിസംബർ 5 വരെ karuthal.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും താലൂക്ക് ഓഫിസ് വഴിയും അക്ഷയകേന്ദ്രങ്ങൾ വഴിയുമാണു നൽകേണ്ടത്.