എൻസിപി പ്രസിഡന്റ്: കളി പവാറിന്റെ കോർട്ടിൽ; മുന്നിൽ തോമസ് കെ.തോമസ്; ചാക്കോയുടെ മൗനത്തിൽ സസ്പെൻസ്

Mail This Article
തിരുവനന്തപുരം∙ രാജിവച്ച പി.സി.ചാക്കോയ്ക്കു പകരം പുതിയ എൻസിപി സംസ്ഥാന പ്രസിഡന്റിനെ ദേശീയ നേതൃത്വം തിരക്കിട്ട് തീരുമാനിക്കാനിടയില്ല. അധ്യക്ഷനാകാനുള്ള മത്സരത്തിൽ മുന്നിൽ തോമസ് കെ.തോമസ് എംഎൽഎയാണ്. തോമസിന്റെ പേര് ഇവിടെ ഉയർന്നിട്ടുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ ദേശീയ അധ്യക്ഷൻ ശരദ്പവാറിനെ അറിയിച്ചു. എന്നാൽ തോമസിനെ ആക്കണമെന്നു നിർദേശിച്ചിട്ടില്ല. പിൻഗാമിയെ സംബന്ധിച്ച് പി.സി.ചാക്കോയുടെ അഭിപ്രായം ശരദ്പവാർ തേടിയാൽ അദ്ദേഹം തോമസിനെ അംഗീകരിക്കാനിടയില്ല. തീരുമാനം നീണ്ടേക്കാം.
രാജി സംബന്ധിച്ച് രണ്ടാം ദിവസവും പ്രതികരണത്തിന് ചാക്കോ തയാറായില്ല. രാജി സമ്മർദതന്ത്രമാണോ എന്ന സംശയമാണ് ചിലർ പങ്കുവയ്ക്കുന്നത്. ചാക്കോയുടെ വിശ്വസ്തനായ സംഘടനാ ജനറൽ സെക്രട്ടറി കെ.ആർ.രാജൻ രാജി സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പവാറിന് കത്തയച്ചു. തന്നെ നീക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം ആരംഭിച്ച ശശീന്ദ്രൻ വിഭാഗത്തെ നിരായുധമാക്കാനാണ് രാജി എന്ന പ്രചാരണം ചാക്കോ വിഭാഗം നടത്തുന്നുണ്ട്. ചാക്കോയ്ക്കെതിരെ നീക്കം തുടങ്ങിയെങ്കിലും രാജി ശശീന്ദ്രൻ വിഭാഗത്തിനും അപ്രതീക്ഷിതമാണ്.
മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ചാക്കോയെ വിട്ട് എ.കെ.ശശീന്ദ്രനൊപ്പം ചേർന്ന തോമസ് ആ വിഭാഗത്തിന്റെ പിന്തുണയോടെ പ്രസിഡന്റാകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. പവാറിനെ നേരിട്ടുകണ്ട് അവകാശവാദം ഉന്നയിക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. എന്നാൽ രാജി പവാർ സ്വീകരിക്കുന്നതിലേക്കു നീങ്ങിയാൽ പകരം തന്റെ നിയന്ത്രണത്തിലുള്ള സംവിധാനമാണ് ചാക്കോ ആഗ്രഹിക്കുന്നത്. സംസ്ഥാന ഭാരവാഹികളായ പി.എം.സുരേഷ് ബാബുവിന്റെയും കെ.ആർ.രാജന്റെയും പേര് അദ്ദേഹം മുന്നോട്ടു വച്ചേക്കാം. പാർട്ടി പിളർത്താനോ എൽഡിഎഫ് വിടാനോ ഇല്ലെന്ന സൂചന ചാക്കോ ഒപ്പമുള്ളവർക്കു നൽകി. കോൺഗ്രസിലേക്ക് പവാർ തിരിച്ചു പോകണമെന്ന വാദത്തോടു തന്നെ യോജിപ്പില്ലാത്ത ചാക്കോ ഇവിടെ യുഡിഎഫിന്റെ ഭാഗമാകും എന്നതു തെറ്റായ പ്രചാരണമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
പവാർ തീരുമാനിക്കട്ടെ: ശശീന്ദ്രൻ
തിരുവനന്തപുരം∙ എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ആരു വന്നാലും പിന്തുണയ്ക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. ദേശീയ അധ്യക്ഷൻ ശരദ്പവാർ എന്തു തീരുമാനമെടുക്കുന്നോ അതാണ് അവസാന വാക്ക്. ആരുടെയും പേര് നിർദേശിച്ചിട്ടില്ല. തോമസ് കെ.തോമസ് അധ്യക്ഷ പദവിക്ക് യോഗ്യനാണോ എന്ന ചോദ്യത്തിന് ‘ഒരാളുടെ യോഗ്യതയും അയോഗ്യതയും ഞാൻ എങ്ങനെയാണ് നിശ്ചയിക്കുന്നത്’ എന്നായിരുന്നു മറുപടി. രാജിവയ്ക്കാൻ ചാക്കോയ്ക്ക് സ്വാതന്ത്ര്യമുണ്ട്. രാജിക്കത്ത് കൊടുക്കുന്ന സമയത്ത് തന്നെ വിളിച്ചിരുന്നു. അതിന് മുൻപ് സംസാരിച്ചിട്ടില്ല. പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിക്കേണ്ടെന്നു വിചാരിച്ചായിരിക്കും രാജിവച്ചത്. പാർട്ടിക്കുള്ളിൽ കൂടുതൽ ജനാധിപത്യപരമായി ചാക്കോയ്ക്ക് പെരുമാറാനാകുമായിരുന്നെന്നും ശശീന്ദ്രൻ പറഞ്ഞു.
പാർട്ടി പറഞ്ഞാൽ തയാർ: തോമസ് കെ.തോമസ്
തിരുവനന്തപുരം∙ പാർട്ടി നിർദേശിച്ചാൽ സംസ്ഥാന പ്രസിഡന്റാകാൻ തയാറാണെന്ന് തോമസ് കെ.തോമസ് എംഎൽഎ. താൻ ആ പദവിയിലേക്കു വരണമെന്ന അഭിപ്രായം പാർട്ടിയിലുണ്ട്. എൻസിപിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാനാണ് നോക്കുന്നത്. പി.സി.ചാക്കോയുടെ രാജിയുടെ കാരണം അറിയില്ല. പലപ്പോഴും അദ്ദേഹം തീരുമാനങ്ങൾ എടുത്തത് ഒറ്റയ്ക്കായിരുന്നു. കൂടെ നിന്നവർ പറയുന്നത് അതേപടി വിശ്വസിക്കുന്ന രീതി ഉണ്ടായി. പാർട്ടി യോഗങ്ങളിൽ ഒഴിവാക്കാമായിരുന്ന ചില പരാമർശങ്ങൾ അദ്ദേഹം നടത്തി. ചാക്കോ പാർട്ടി വിടുമെന്നു കരുതുന്നില്ല. എ.കെ.ശശീന്ദ്രൻ നല്ല നേതാവാണെന്നും തോമസ് കെ.തോമസ് പറഞ്ഞു.