ഇന്നടച്ചാൽ ലാഭം; അടുത്ത പ്രവൃത്തിദിവസം വരുന്ന വർധനകൾ

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച നിരക്കുവർധനകൾ ഒഴിവാക്കി നിലവിലെ കുറഞ്ഞ നിരക്കിൽ ഇടപാടുകൾ നടത്താൻ അവസരം ഇന്നു കൂടി മാത്രം. ഇൗ സാമ്പത്തിക വർഷത്തിലെ അവസാന പ്രവൃത്തി ദിവസമാണ് ഇന്ന്. നാളെ ഞായറും മറ്റന്നാൾ ഈദുൽ ഫിത്ർ കാരണമുള്ള അവധിയുമാണ്. അതിനാൽ സർക്കാർ ഓഫിസുകൾ പ്രവർത്തിക്കില്ല.
അടുത്ത പ്രവൃത്തിദിവസം വരുന്ന വർധനകൾ
∙ 23 ഇനം കോടതി ഫീസുകൾ.
∙ 15 വർഷത്തിലേറെ പഴക്കമുള്ള സ്വകാര്യ വാഹനങ്ങളുടെ റോഡ് നികുതിയിൽ 50% വർധന.
∙ ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി.
∙ സഹകരണ ബാങ്കുകളിലെ ഗഹാനും അവയുടെ റിലീസുകൾക്കുമുള്ള നിരക്ക്.
ശമ്പള, പെൻഷൻ വിതരണം 2ന്
സാമ്പത്തിക വർഷാവസാനത്തെ കണക്കെടുപ്പുകൾക്കും മറ്റുമായി ട്രഷറിയും ബാങ്കുകളും നാളെയും മറ്റന്നാളും പ്രവർത്തിക്കുമെങ്കിലും അടുത്ത മാസത്തെ ശമ്പള, പെൻഷൻ വിതരണം 2ന് ആയിരിക്കും. ഒന്നിന് ട്രഷറി ഇടപാടുകൾ ഉണ്ടായിരിക്കുന്നതല്ല എന്ന ബോർഡ് പ്രദർശിപ്പിക്കാൻ ശാഖകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ട്രഷറിയിലേക്കുള്ള ബില്ലുകൾ സമർപ്പിക്കുന്നതിനുള്ള ഇ–സബ്മിഷൻ സംവിധാനത്തിന്റെ പ്രവർത്തനം സർക്കാർ നിർത്തിവച്ചിട്ടുണ്ട്. ചില കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ബില്ലുകൾ പാസാക്കുന്നതിന് മാത്രമാണ് ഇടയ്ക്കിടെ തുറന്നു കൊടുക്കുന്നത്. ഒരു ലക്ഷം രൂപയ്ക്കു താഴെയുള്ള ബില്ലുകൾ പാസാക്കുന്നതിനായി ക്യൂവിലേക്കു മാറ്റിയിട്ടുണ്ട്. പണത്തിന്റെ ലഭ്യത അനുസരിച്ച് ഇവ മാറ്റിനൽകും.
മഹിള സമ്മാൻ മാർച്ച് 31 വരെ
സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് ആരംഭിച്ച മഹിള സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് സമ്പാദ്യപദ്ധതിയിൽ ചേരാനുള്ള അവസാന തീയതി മാർച്ച് 31. 7.5 ശതമാനമാണ് ഫിക്സ്ഡ് പലിശനിരക്ക്. അപേക്ഷ നൽകുന്നത് വനിതയായിരിക്കണം. പെൺകുട്ടിയാണെങ്കിൽ രക്ഷിതാവിന് അപേക്ഷിക്കാം.