അമിതവേഗം ചോദ്യംചെയ്തു; വൃക്കരോഗിയായ ഓട്ടോഡ്രൈവർക്ക് യുവാവിന്റെ ക്രൂരമർദനം

Mail This Article
ന്യൂമാഹി ∙ അമിതവേഗത്തിൽ വാഹനമോടിച്ചതു ചോദ്യംചെയ്ത വൃക്കരോഗിയായ ഓട്ടോഡ്രൈവറെ സ്കൂട്ടർ യാത്രക്കാരൻ ക്രൂരമായി മർദിച്ചെന്നു പരാതി. ഓട്ടോഡ്രൈവറായ വേലായുധൻമൊട്ട ലക്ഷ്മിനിലയത്തിൽ രാഗേഷിനാണ് (47) മർദനമേറ്റത്. സ്കൂട്ടർ യാത്രക്കാരൻ ചൊക്ലി സ്വദേശി മുഹമ്മദ് ഷബിനെ (27) ന്യൂമാഹി പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം പെരിങ്ങാടി റെയിൽവേ ഗേറ്റിലാണു സംഭവം. കുടുംബത്തിനൊപ്പം ഓട്ടോയിൽ പോകുമ്പോൾ, അപകടകരമായ രീതിയിൽ സ്കൂട്ടറിൽ മുഹമ്മദ് ഷബിൻ മറികടന്നത് രാഗേഷ് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായി രാഗേഷിനെ ചീത്തവിളിച്ച് മുന്നോട്ടുനീങ്ങുന്നതിനിടെ ഷബിന്റെ സ്കൂട്ടർ മറ്റൊരു വാഹനത്തിലിടിച്ചു.
തുടർന്ന് രാഗേഷിന്റെ ഓട്ടോയുടെ ചില്ല് ഷബിൻ തകർത്തു. പുറത്തിറങ്ങിയ രാഗേഷിനെ ക്രൂരമായി മർദിക്കുകയും ചെയ്തു. ഭാര്യ ഷിനിതയുടെയും മക്കളുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണു ഷബിനെ പിടികൂടിയത്.
ഒന്നരവർഷമായി ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് ചെയ്യുന്ന രാഗേഷിന്റെ സാമ്പത്തികബുദ്ധിമുട്ട് മനസ്സിലാക്കി അയൽക്കാരനാണ് കഴിഞ്ഞദിവസം പുതിയ ഓട്ടോ വാങ്ങിനൽകിയത്. വൃക്ക നൽകാൻ ഭാര്യ ഷിനിത തയാറാണെങ്കിലും ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താൻ സാധിക്കാതെ ദുരിതത്തിലാണ് രാഗേഷ്.