കുറിപ്പ് പിൻവലിച്ചിട്ടില്ലെന്ന് പ്രശാന്ത്; പ്രശാന്തിനെതിരെ സർക്കാർ അന്വേഷണം ഉടനെന്നു സൂചന

Mail This Article
തിരുവനന്തപുരം ∙ ‘ ആ തീരുമാനം ഇന്ന് എടുക്കുന്നു’ എന്നു സമൂഹമാധ്യമത്തിൽ കുറിച്ച് സസ്പെൻസുണ്ടാക്കിയ ശേഷം ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്ത് മൗനത്തിൽ. വലിയ പ്രഖ്യാപനം നടത്താൻ പോകുന്നുവെന്ന സൂചനയോടെ ചൊവ്വാഴ്ച കുറിപ്പിട്ട അദ്ദേഹം 2 ദിവസം കഴിഞ്ഞിട്ടും തുടർനടപടി വ്യക്തമാക്കിയിട്ടില്ല.
അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലകിനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചതിന്റെ പേരിൽ സസ്പെൻഷനിലായ പ്രശാന്തിനെതിരെ സർക്കാർ അന്വേഷണ നടപടിയിലേക്കു കടക്കാനിരിക്കെയാണ്, അഭ്യൂഹങ്ങൾക്കു വഴിവയ്ക്കുന്ന കുറിപ്പ് അദ്ദേഹം പങ്കുവച്ചത്. ഇതിനിടെ, താൻ കുറിപ്പ് പിൻവലിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അത് ഇപ്പോഴും സമൂഹമാധ്യമങ്ങളിലുണ്ടെന്നും പ്രശാന്ത് വ്യക്തമാക്കി.
പ്രശാന്തിനെതിരായ അന്വേഷണത്തിന് ഉദ്യോഗസ്ഥനെ നിശ്ചയിക്കാനുള്ള ഫയൽ മുഖ്യമന്ത്രിയുടെ മുന്നിലാണ്. വരുംദിവസങ്ങളിൽ തീരുമാനമാകുമെന്നാണു വിവരം. ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പോരിൽ സർക്കാർ ഒരുപക്ഷത്തെ മാത്രം പിന്തുണയ്ക്കുന്നുവെന്നും തനിക്കെതിരെ ഏകപക്ഷീയമായി നടപടിയെടുക്കുന്നുവെന്നുമുള്ള നിലപാടിലാണ് പ്രശാന്ത്. സസ്പെൻഷനുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി അയച്ച കുറ്റപത്ര മെമ്മോയ്ക്ക് തിരിച്ച് ചോദ്യങ്ങളും തന്റെ വാദങ്ങളും നിരത്തി പ്രശാന്ത് മറുപടി നൽകിയത് സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. ചെയ്ത കുറ്റത്തിനു വ്യക്തമായ വിശദീകരണമാണു വേണ്ടതെന്നും സർക്കാർ നിലപാടെടുത്തു.
ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ മതസ്പർധയുണ്ടാക്കും വിധം വാട്സാപ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണത്തിന്റെ പേരിൽ കെ.ഗോപാലകൃഷ്ണനെയും കഴിഞ്ഞ നവംബറിൽ പ്രശാന്തിനൊപ്പം സസ്പെൻഡ് ചെയ്തിരുന്നു. വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതിൽ തനിക്കു പങ്കില്ലെന്നും ഫോൺ ഹാക്ക് ചെയ്തതാണെന്നും കാട്ടി ഗോപാലകൃഷ്ണൻ നൽകിയ മറുപടി അംഗീകരിച്ച് അദ്ദേഹത്തിനെതിരായ നടപടി സർക്കാർ അവസാനിപ്പിച്ചു.
വൈറ്റില മൊബിലിറ്റി ഹബ് എംഡിയായി പിന്നാലെ നിയമിച്ചു. ഗുരുതര കുറ്റം ചെയ്ത ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ പിൻവലിച്ചപ്പോൾ, മറ്റൊരു ഉദ്യോഗസ്ഥനെതിരെ കുറിപ്പിട്ടതിന്റെ പേരിൽ തന്റെ സസ്പെൻഷൻ അനന്തമായി നീട്ടുകയാണെന്നാണു പ്രശാന്തിന്റെ വാദം. ഇതിൽ ഏതാണു വലിയ കുറ്റമെന്നും അദ്ദേഹം ചോദിക്കുന്നു.
നീക്കം ജയതിലകിനെതിരെ
∙ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഈ മാസം അവസാനം വിരമിക്കുമ്പോൾ പിൻഗാമിയാകാൻ രംഗത്തുള്ളവരിൽ എ.ജയതിലകുമുണ്ട്. ചീഫ് സെക്രട്ടറി പദവിയിലെത്തിയാൽ, പ്രശാന്തിനെതിരായ തുടർനടപടികളുടെ മേൽനോട്ടത്തിൽ അദ്ദേഹവും ഭാഗമാകും. അതേസമയം, ഐഎഎസ് ഉദ്യോഗസ്ഥരുടെ കാര്യങ്ങളിലെ അവസാന വാക്ക് ചീഫ് സെക്രട്ടറിയല്ലെന്നും ജയതിലകിനെതിരായ തന്റെ പോരാട്ടത്തിൽ നിന്നു പിന്നോട്ടില്ലെന്നുമുള്ള ഉറച്ച നിലപാടിലാണു പ്രശാന്ത്.