46 ലക്ഷം തട്ടിയെടുത്ത കേസ്: പ്രതി കീഴടങ്ങി

Mail This Article
മൂന്നാർ ∙ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാങ്ങി നൽകാമെന്നും മൂന്നാറിൽ ഭൂമി നൽകാമെന്നും വാഗ്ദാനം നൽകി ചെന്നൈ സ്വദേശികളിൽ നിന്നു 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നാം പ്രതി ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് പൊലീസിൽ കീഴടങ്ങി. മൂന്നാർ ലക്ഷം കോളനി സ്വദേശി പി.പനീറാണ് (60) കീഴടങ്ങിയത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ചെന്നൈ ഭാരതി നഗർ സ്വദേശിനി കെ.തനിഷ്കയാണ് മൂന്നാർ പൊലീസിൽ പരാതി നൽകിയത്.
മൂന്നാർ ലക്ഷം കോളനിയിൽ അരുൺ ദിനകരൻ, ഭാര്യ ജെൻസി, അരുണിന്റെ പിതാവ് അംബ, ഭാര്യ വിജയ, ബന്ധു പനീർ എന്നിവർക്കെതിരെയാണ് പരാതി. 2019 ഫെബ്രുവരിയിലാണ് തട്ടിപ്പ് നടന്നത്. തനിഷ്കയുടെ ബന്ധുക്കളും ഉന്നത വിദ്യാഭ്യാസ യോഗ്യതയുമുള്ള നാലുപേർക്ക് ജോലി അന്വേഷിക്കുന്നതിനിടെയാണ് ‘റിജിംസ് സൊല്യൂഷൻസ്’ എന്ന വെബ്സൈറ്റിൽ കേന്ദ്ര സർക്കാരിന്റെ വിവിധ തസ്തികകളിൽ ജോലി ഒഴിവുള്ളതായി കണ്ടെത്തിയത്. തുടർന്ന് വിവിധ വകുപ്പുകളിൽ ഒഴിവുണ്ടെന്ന് വെബ്സൈറ്റ് ഉടമയായ അരുൺ അറിയിച്ചു. തുടർന്ന് തനിഷ്കയും ബന്ധുക്കളും മൂന്നാറിലെത്തി പതിനായിരം രൂപ നൽകി. ഇവരെ വിശ്വസിപ്പിക്കാനായി അപേക്ഷ അയച്ചതിന്റെയും മറ്റും രേഖകൾ അരുൺ അയച്ചു നൽകി.
ഇതിനു ശേഷം രണ്ടു പേർക്ക് വ്യാജ നിയമന ഉത്തരവുകൾ ലഭിച്ചു. ഇതിനിടയിലാണ് പല തവണയായി 45.20 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി ഉദ്യോഗസ്ഥർക്ക് നൽകാനെന്ന പേരിലും മറ്റുമായി അരുൺ തട്ടിയെടുത്തത്. ജോലി ലഭിക്കാതെ തട്ടിപ്പിനിരയായവർ പണമാവശ്യപ്പെട്ട് ഒരു വർഷം മുൻപ് മൂന്നാറിലെ പ്രതികളുടെ വീട്ടിലെത്തി. എന്നാൽ അരുണിന്റെ ബന്ധുവായ പനീർ തന്റെ സൈലന്റ് വാലിയിലുള്ള സ്ഥലം വിറ്റു തുക നൽകാമെന്നു ഉറപ്പു നൽകി. ഈ സ്ഥലത്തിന്റെ പണയത്തിലിരിക്കുന്ന രേഖകൾ എടുക്കുന്നതിനായി അരുണിന്റെ ഭാര്യ ജെൻസി വഴി 1.10 ലക്ഷം രൂപ വീണ്ടും തട്ടിയെടുക്കുകയായിരുന്നു. ഭൂമിയുടെ രേഖകൾ പരിശോധിച്ചതിൽ നിന്നു ഇത് വ്യാജമാണെന്നും സർക്കാർ ഭൂമിയാണെന്നും കണ്ടെത്തിയെന്നും പരാതിയിൽ പറയുന്നു. പ്രതികളായ രണ്ടു പേർ ഒളിവിലാണ്.