പരിചയപ്പെട്ടത് എന്‍ഐടി അധ്യാപികയെന്നു പറഞ്ഞ്; ജോളി കസ്റ്റമര്‍ മാത്രം: സുലേഖ
Mail This Article
കോഴിക്കോട് ∙ കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളി പരിചയപ്പെട്ടത് എന്‍ഐടി അധ്യാപികയെന്നു പറഞ്ഞെന്നു ബ്യൂട്ടി പാര്‍ലർ നടത്തിപ്പുകാരി സുലേഖ. ജോളി ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരിയല്ല. കസ്റ്റമര്‍ മാത്രമാണ്. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് രാമകൃഷ്ണനുമായോ ജോളിയുമായോ യാതൊരു പണമിടപാടും ഉണ്ടായിരുന്നില്ലെന്നും സുലേഖ മനോരമ ന്യൂസിനോട് പറഞ്ഞു. രാമകൃഷ്ണന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മകന്‍ രോഹിത് ആരോപിച്ചിരുന്നു.
രാമകൃഷ്ണൻ 2016ലാണു മരിച്ചത്. ഹൃദയസ്തംഭനം മൂലമാണു മരിച്ചതെന്നാണു കരുതിയിരുന്നത്. എന്നാൽ ഇപ്പോഴത്തെ കാര്യങ്ങൾ കാണുമ്പോൾ മരണത്തിൽ സംശയം തോന്നുന്നതായി രാമകൃഷ്ണന്റെ മകന്‍ രോഹിത് പറഞ്ഞു. 55 ലക്ഷം രൂപ കാണാതായതിനു പിന്നാലെയാണു രാമകൃഷ്ണന്‍ മരിച്ചത്. ഇതിൽ ജോളിക്കു ബന്ധമുണ്ടോ എന്ന് അറിയില്ല. എന്നാൽ ജോളിയുമായി ബന്ധപ്പെട്ട പലരെയും അടുത്തു പരിചയമുണ്ട്. ജോളിയുമായി അടുത്തു പരിചയമുള്ളവർ വഴിയാണു പണമിടപാടു നടത്തിയിരുന്നത്.
സ്ഥലമിടപാടുമായി ബന്ധപ്പെട്ടു രാമകൃഷ്ണനിൽനിന്നു നഷ്ടപ്പെട്ട പണം ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ബ്യൂട്ടിപാർലർ നടത്തിപ്പുകാരി സുലേഖയ്ക്കും ജോളിയ്ക്കും പങ്കുണ്ടോയെന്നു സംശയമുണ്ടെന്നും രോഹിത് പറഞ്ഞു.
English Summary: Beauty Parlour owner reveals about Jolly, Koodathai Serial Deaths