ടൂൾകിറ്റ് കേസ്: യോഗത്തിൽ പങ്കെടുത്തത് ആരൊക്കെ?; സൂമിനോട് ഡൽഹി പൊലീസ്
Mail This Article
ന്യൂഡൽഹി∙ ജനുവരി 11ന് ഖലിസ്ഥാൻ അനുകൂല സംഘടനയുടെ നേതൃത്വത്തിൽ കർഷകരുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന ടൂൾകിറ്റ് തയാറാക്കാനായി സൂം വഴിയുള്ള യോഗത്തിൽ പങ്കെടുത്തവരെക്കുറിച്ച് അന്വേഷിച്ച് ഡൽഹി പൊലീസ്. ഇതിനായി വിഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമായ സൂമിന് ഡൽഹി പൊലീസ് കത്തെഴുതി.
സൂം ആപ്പ് വഴി നടന്ന യോഗത്തിൽ മുംബൈയിലെ അഭിഭാഷക നികിത ജേക്കബും പുണെയിലെ എൻജിനീയർ ശാന്തനു മുളുകും ഉൾപ്പെടെ 70ൽ പരം ആളുകൾ പങ്കെടുത്തിരുന്നുവെന്നാണ് പൊലീസിന്റെ ആരോപണം. ഇതിനു പിന്നാലെ റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ പരേഡിൽ അക്രമങ്ങൾ ഉണ്ടാകുകയും 500ൽ അധികം പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഗൂഗിൾ ഡോക്കുമെന്റിലുള്ള ടൂൾകിറ്റ് ശാന്തനു തയാറാക്കിയ ഇമെയിൽ അക്കൗണ്ടിൽനിന്നാണ് പങ്കുവച്ചിരിക്കുന്നതെന്നും ഡൽഹി പൊലീസിന്റെ സൈബർ വിഭാഗം ജോയിന്റ് കമ്മിഷണർ പ്രേംനാഥ് ആരോപിച്ചു. ഖലിസ്ഥാൻ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ (പിജെഎഫ്) സ്ഥാപകൻ മോ ധാലിവാൽ നികിതയെയും ശാന്തനുവിനെയും ബന്ധപ്പെട്ടെന്നും കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന് പുനീത് എന്ന യുവതി വഴിയാണ് ഇരുവരുമായി ബന്ധപ്പെട്ടതെന്നും പ്രേംനാഥ് പറയുന്നു.
English Summary: Delhi Police writes to Zoom, seeks details of those who attended toolkit meeting ahead of R-Day