ADVERTISEMENT

തിരുവനന്തപുരം∙ ബന്ധുനിയമന വിവാദത്തിൽ കുടുങ്ങിയ മന്ത്രി കെ.ടി. ജലീൽ രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി സ്വീകരിച്ച് ഗവര്‍ണര്‍ക്ക് കൈമാറി. മന്ത്രിയായി തുടരാൻ ജലീലിന് അർഹതയില്ലെന്ന് ലോകായുക്ത ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാജി. ലോകായുക്തയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയിൽ വാദം നടക്കുമ്പോഴാണ് രാജി.

പിണറായി വിജയൻ മന്ത്രിസഭയിൽനിന്ന് രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി. ജലീൽ. വിവാദം തുടങ്ങി രണ്ടര വർഷം പിന്നിടുമ്പോഴാണ് മന്ത്രിയുടെ രാജി. ന്യൂനപക്ഷ വികസ കോർപറേഷനിൽ ടികെ. അദീബിന്റെ നിയമനമാണ് വിവാദത്തിലായത്. ബന്ധുനിയമനത്തിന് യോഗ്യതയിൽ മാറ്റം വരുത്തിയെന്നതാണ് പ്രധാന ആരോപണം. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന പി.കെ. ഫിറോസ് 2018 നവംബർ രണ്ടിനാണ് മന്ത്രിക്കെതിരെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചത്.

സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി മന്ത്രി കെ.ടി. ജലീല്‍ ബന്ധു കെ.ടി. അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും, മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീല്‍ യോഗ്യനല്ലെന്നുമായിരുന്നു ലോകായുക്ത ഉത്തരവ്. അബീദിന്റെ നിയമനത്തിനായി ജനറല്‍ മാനേജറുടെ വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തിയതായി ലോകായുക്ത നിരീക്ഷിച്ചു. 

മന്ത്രി പദവി സ്വകാര്യ താല്‍പര്യത്തിനായി ദുരുപയോഗം ചെയ്യുകയും പക്ഷപാതപരമായി പെരുമാറുകയും ചെയ്തു. ഇതിലൂടെ മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നുമാണ് ലോകായുക്ത കണ്ടെത്തിയത്. യൂത്ത് ലീഗ് നേതാവ് വി.കെ. മുഹമ്മദ് ഷാഫിയുടെ പരാതിയിലായിരുന്നു നടപടി. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ മാനേജര്‍ പദവിയിലിരിക്കുമ്പോഴാണ് അദീബിനെ ഡപ്യൂട്ടേഷനില്‍ ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ നിയമിച്ചത്.

English Summary: KT Jaleel Resigned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com