അംബാനി കുടുംബത്തിന് വധഭീഷണി; സുരക്ഷ ശക്തമാക്കി പൊലീസ്, കേസെടുത്തു
Mail This Article
മുംബൈ ∙ റിലയൻസ് മേധാവി മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കളായ ആകാശ്, ആനന്ദ് എന്നിവർക്കെതിരെ വധഭീഷണി. ബുധനാഴ്ച ഉച്ചയ്ക്ക് 12.30നും വൈകിട്ട് 5.04നും മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലാണ് ഫോണിലൂടെ ഭീഷണി സന്ദേശമെത്തിയത്. റിലയൻസ് ആശുപത്രി കെട്ടിടം സ്‌ഫോടനത്തിലൂടെ തകർക്കുമെന്നും അംബാനി കുടുംബാംഗങ്ങളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു സന്ദേശം.
ഇതേത്തുടർന്ന് ആശുപത്രിയിലും മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റിലിയയിലും സുരക്ഷ ശക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഡിബി മാർഗ് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു. ഫോൺ വിളിച്ചയാളെ ഉടൻ കണ്ടെത്താനാകുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ഡിസിപി) നീലോത്പൽ പറഞ്ഞു.
ഓഗസ്റ്റ് 15നും റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലേക്ക് സമാനമായ എട്ടു ഫോൺ സന്ദേശമെത്തിയിരുന്നു. ഇതിൽ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് മുംബൈയുടെ പടിഞ്ഞാറൻ ഭാഗത്തുനിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വർഷം മുകേഷ് അംബാനിയുടെ വസതിയായ ആന്റിലിയയ്ക്കു സമീപത്തുനിന്ന് സ്‌ഫോടകശേഷിയുള്ള 20 ജെലാറ്റിൻ സ്റ്റിക്കുകളും ഭീഷണിക്കത്തും അടങ്ങിയ വാഹനം കണ്ടെടുത്തിയിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്തിടെ മുകേഷ് അംബാനിയുടെ സുരക്ഷ ‘സെഡ് പ്ലസ്’ കാറ്റഗറിയിലേക്ക് ഉയർത്തി. മുൻപ് ‘സെഡ്’ കാറ്റഗറി സുരക്ഷയാണ് നൽകിയിരുന്നത്.
English Summary: Life Threat Issued to Mukesh Ambani And Family In Call to Reliance Hospital; Police Begin Probe