'മോദിക്കു കീഴിലെ ബിജെപി വളർച്ച 'അവരുടെ' ത്യാഗം'; പിണറായി വരെ പുകഴ്ത്തിയ ഗഡ്കരി
Mail This Article
‘‘നിതിൻ ഗഡ്കരിയെപ്പോലെയായിരുന്നു എല്ലാ കേന്ദ്രമന്ത്രിമാരുമെങ്കിൽ ബിഹാറിലടക്കം എല്ലായിടത്തും വികസനം വഴിഞ്ഞൊഴുകുമായിരുന്നു’’ എന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച പുകഴ്ത്തിപ്പറഞ്ഞത്, ബിജെപിയുടെ വിഖ്യാത ശത്രുവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവാണ്. പട്നയിൽ ഒരു ചടങ്ങിലായിരുന്നു ബിജെപിയുടെ പ്രമുഖ നേതാവും കേന്ദ്ര ഗതാഗത മന്ത്രിയുമായ നിതിൻ ഗഡ്കരിയെ തേജസ്വി വാനോളം പുകഴ്ത്തിയത്. അതിനും നാലഞ്ചു ദിവസം മുൻപ് കോൺഗ്രസ് നേതാവ് ജയ്റാം രമേശും മുൻ വക്താവ് സഞ്ജയ് ഝായും ഗഡ്കരിയുടെ അപദാനങ്ങൾ വാഴ്ത്തിയിരുന്നു. ‘ഗഡ്കരിയായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രിയെങ്കിൽ രാജ്യത്ത് വിഭാഗീയത ഇങ്ങനെ നടമാടില്ലായിരുന്നു’ എന്നാണ് സഞ്ജയ് ഝാ പറഞ്ഞത്. ആർജെഡിക്കാരും കോൺഗ്രസുകാരും മാത്രമല്ല, സാക്ഷാൽ പിണറായി വിജയൻ വരെ ഒരു മടിയുമില്ലാതെ പുകഴ്ത്തുന്ന മന്ത്രിയാണ് നിതിൻ ജയ്റാം ഗഡ്കരി. ആ കണക്കു നോക്കിയാൽ ഗഡ്കരിയെക്കുറിച്ച് ഇപ്പോൾ ഒരക്ഷരം ഉരിയാടാത്തത് ബിജെപിക്കാരാണെന്നു കാണാം. ആരും മോശമൊന്നും പറയുന്നില്ല. നല്ലതും പറയുന്നില്ല. ബിജെപിയുടെ ദേശീയ അധ്യക്ഷനായ, നാഗ്പുരിൽ ആർഎസ്എസിന്റെ മാനസപുത്രനെന്നു വിശേഷിപ്പിക്കപ്പെടുന്ന നിതിൻ ഗഡ്കരി എന്തുകൊണ്ടാണ് ബിജെപിയുടെ ദേശീയ നേതൃത്വത്തിനു പെട്ടെന്ന് കണ്ണിലെ കരടാകുന്നത് എന്ന ചോദ്യം രാഷ്ട്രീയ വൃത്തങ്ങളിൽ കറങ്ങി നടക്കാൻ തുടങ്ങിയിട്ടു കുറേക്കാലമായി. ഗഡ്കരി പാർട്ടി വിടുമോ എന്നൊക്കെ രാഷ്ട്രീയ നിരീക്ഷകർ ചോദിച്ചു തുടങ്ങിയിരിക്കുന്നു. അതിനുള്ള മറുപടി ഗഡ്കരി തന്നെ സ്വകാര്യ സംഭാഷണങ്ങളിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞിട്ടുണ്ട്: ഞാൻ കൂടി വളർത്തിയതാണ് ഈ പാർട്ടി. എനിക്കു പാർട്ടിയെയോ പാർട്ടിക്ക് എന്നെയോ പിരിയാനാവില്ല. എന്നിരുന്നാലും എവിടെയോ എന്തൊക്കെയോ ശരിയല്ല എന്ന തോന്നൽ പലർക്കുമുണ്ട്. അഭ്യൂഹങ്ങൾ പ്രചരിക്കും പോലെ ഗഡ്കരി പാർട്ടി വിടുമോ? ബിജെപി ദേശീയ നേതൃത്വത്തിന് ഗഡ്കരിയുമായി അസ്വാരസ്യങ്ങളുണ്ടോ? വിശദമായി പരിശോധിക്കാം...