ബൂട്ട് നക്കുന്നതും തോക്ക് കാട്ടുന്നതുമായ 2 ചിത്രങ്ങൾ മാത്രം; സംഘപരിവാറിനെ ചൊടിപ്പിച്ച് പുസ്തകവും

Mail This Article
ചെന്നൈ∙ സനാതന ധർമത്തെ പകർച്ചവ്യാധികളോട് ഉപമിച്ച തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ അതേ ചടങ്ങിൽ പുറത്തിറക്കിയ ഒരു പുസ്തകത്തിനെതിരെയും ബിജെപി, സംഘപരിവാർ സംഘടനകളുടെ പ്രതിഷേധം. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആർട്ടിസ്‌റ്റ് അസോസിയേഷൻ സമ്മേളനത്തിൽ ഈ മാസം 2നാണ് ഉദയനിധി വിവാദ പരാമർശങ്ങൾ നടത്തിയത്.
ഇതേ ചടങ്ങിൽ ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസിന്റെ സംഭാവന’ എന്ന പുസ്തകം ഉദയനിധി പ്രകാശനം ചെയ്തിരുന്നു. വലിയ പുസ്തകമാണെങ്കിലും രണ്ടു പേജ് ഒഴികെയെല്ലാം ശൂന്യമാണിതിൽ. ബൂട്ട് നക്കുന്നതും തോക്ക് കാട്ടുന്നതുമായ 2 ചിത്രങ്ങൾ മാത്രമാണു പുസ്തകത്തിലുള്ളത്.
മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയെയാണു തോക്ക് സൂചിപ്പിക്കുന്നതെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് ആർഎസ്എസ് ഒന്നും സംഭാവന ചെയ്തിട്ടില്ലെന്നു സൂചിപ്പിക്കുന്നതാണ് ശൂന്യമായ പേജുകളെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവർ പറയുന്നു. കോൺക്ലേവ് നടത്തിയ തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറമാണ് പുസ്തകം പുറത്തിറക്കാനുള്ള ആശയം രൂപീകരിച്ചത്. പുസ്തകത്തെ പ്രശംസിച്ച് ഉദയനിധി സ്റ്റാലിൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ഡെങ്കിപ്പനി, കൊതുകുകൾ, മലേറിയ, കൊറോണ വൈറസ് എന്നിവയെപ്പോലെ സനാതന ധർമത്തെയും ഉന്മൂലനം ചെയ്യണമെന്നായിരുന്നു ചടങ്ങിൽ മന്ത്രിയുടെ വാക്കുകൾ. ഇതിനെതിരെ വിവിധ സ്ഥലങ്ങളിൽ ഉദയനിധിക്കെതിരെ പരാതി ഉയർന്നു. യുപിലെ റാംപുർ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തു.
English Summary: A book launched by Udhayanidhi Stalin upsets right-wing