മുതലപ്പൊഴി: കേന്ദ്ര, സംസ്ഥാന മന്ത്രിമാർക്കെതിരെ ലാറ്റിൻ കാത്തലിക് അസോസിയേഷൻ
Mail This Article
തിരുവനന്തപുരം ∙ കേന്ദ്ര, സംസ്ഥാന മന്ത്രിമാർക്കെതിരെ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. അഞ്ചു വർഷവും മന്ത്രിയായി തുടരാനാണ് ആന്റണി രാജു ശ്രമിക്കുന്നതെന്നും മുതലപ്പൊഴിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹം ശ്രമിക്കുന്നില്ലെന്നും അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ലത്തീൻ സമുദായത്തിൽ നിന്നുള്ള മന്ത്രിയാണ് ആന്റണി രാജു. പക്ഷേ, ഇപ്പോൾ അദ്ദേഹത്തെ ലത്തീൻകാരനായി പരിഗണിക്കാൻ സാധിക്കില്ല. ലത്തീൻകാരുടെ പ്രശ്നങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും നേരെ മുഖം തിരിക്കുകയാണ് മന്ത്രിയെന്നും നേതാക്കൾ ആരോപിച്ചു. മുതലപ്പൊഴി സന്ദർശന സമയത്ത് മന്ത്രി സജി ചെറിയാനും പ്രശ്നപരിഹാരം ഉണ്ടാക്കാൻ ശ്രമിക്കാതെ, സമരക്കാരെ ആക്ഷേപിക്കാനാണ് ശ്രമിച്ചതെന്നും നേതാക്കൾ പറഞ്ഞു.
മുതലപ്പൊഴിയിൽ എത്തിയ കേന്ദ്രമന്ത്രി വി.മുരളീധരൻ വന്ദേഭാരത് അനുവദിച്ചിട്ടുണ്ടെന്ന കാര്യമാണ് പറഞ്ഞത്. മുതലപ്പൊഴിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ച് ഒന്നും പറയാതെ ബന്ധമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് സ്ഥലം കാലിയാക്കുകയാണ് ചെയ്തതെന്നും നേതാക്കൾ ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് ഷെറി ജെ.തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി, രതീഷ് ആന്റണി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
English Summary: Latin Catholic Association Criticises State, Central Ministers for Ignoring Their Problems