തലശേരി കോടതി ജീവനക്കാർക്കുണ്ടായത് സിക വൈറസ് ബാധ; വൈറോളജി ലാബ് ഫലം പുറത്തു വന്നു
Mail This Article
തലശ്ശേരി (കണ്ണൂർ) ∙ തലശ്ശേരി കോടതിയിലെ ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും സിക വൈറസ് ബാധ എന്ന് സ്ഥിരീകരണം. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിലാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്.
ജില്ലാ കോടതി കോംപ്ലക്സിലെ 3 കോടതികളിൽ ജുഡീഷ്യൽ ഓഫിസർമാർ ഉൾപ്പെടെയുള്ളവർക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അഡീഷനൽ സെഷൻസ് കോടതി (രണ്ട്), പ്രിൻസിപ്പൽ സബ് കോടതി, അഡീഷനൽ സെഷൻസ് കോടതി (3) എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് ഒരു മാസമായി വ്യത്യസ്ത സമയങ്ങളിൽ കടുത്ത ക്ഷീണവും സന്ധിവീക്കവും വേദനയും ദേഹമാസകലം ചൊറിഞ്ഞു കുരുക്കൾ പ്രത്യക്ഷപ്പെടുകയും ചെയ്തത്. അഡീഷനൽ സെഷൻസ് കോടതി (3) ജഡ്ജി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൊത്തം 55 പേർക്കാണു രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവരിൽ 23 പേരുടെ രക്ത സാംപിളുകൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.