റോബിൻ വീണ്ടും റോഡിലേക്ക്; ബസിന് 10,000 രൂപ പിഴയീടാക്കി തമിഴ്നാട്, യാത്ര പത്തനംതിട്ടയിലേക്ക്
Mail This Article
കോയമ്പത്തൂർ∙ നിയമലംഘനത്തിന്റെ പേരിൽ തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വീണ്ടും യാത്ര തുടങ്ങി. 3 ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് റോബിൻ വീണ്ടും നിരത്തിലിറങ്ങിയത്. ചൊവ്വാഴ്ച ഉച്ചയോടെ കോയമ്പത്തൂർ ഗാന്ധിപുരത്തുള്ള സെൻട്രൽ ആർടിഒ ഓഫിസിൽ നിന്ന് അറിയിച്ചതനുസരിച്ച് എത്തിയ ബസ്സുടമ ഗിരീഷ് നൽകിയ വിശദീകരണങ്ങൾക്ക് ഒടുവിൽ പിഴ ഈടാക്കി ഇന്നേക്ക് വിട്ടയക്കുകയായിരുന്നു.
പെർമിറ്റ് ലംഘനത്തിന് 10,000 രൂപ പിഴ അടച്ച ശേഷം ഉച്ചതിരിഞ്ഞ് ഗാന്ധിപുരം ഓംനി ബസ് സ്റ്റാൻഡിൽ ബസ് എത്തിച്ചു. ചാനൽ വാർത്തകളിൽ നിന്നും മറ്റും വിവരങ്ങളറിഞ്ഞ് റോബിൻ ഫാൻസുകാരും സ്ഥലത്തെത്തിയിരുന്നു. 5 മണിക്ക് പത്തനംതിട്ട പുറപ്പെടുമെന്ന് അറിയിച്ച ബസ് 4.45ന് തന്നെ പുറപ്പെട്ടു. അപ്പോഴേക്കും പകുതിയോളം സീറ്റ് നിറഞ്ഞിരുന്നു. കോയമ്പത്തൂർ കടക്കുമ്പോഴേക്കും ബസ്സിൽ കയറാനായി ആളുകൾ കാത്തു നിൽക്കുന്നുണ്ടെന്ന് അറിയിച്ചാണ് ബസ് നേരത്തെ പുറപ്പെട്ടത്.
ബസ് വീണ്ടും എത്തുകയാണെങ്കിൽ പെർമിറ്റ് പരിശോധിച്ച ശേഷം ലംഘനമുണ്ടെങ്കിൽ വീണ്ടും പിഴ ഈടാക്കുമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.എസ്.വിശ്വനാഥൻ അറിയിച്ചു. നിലവിൽ പെർമിറ്റ് ലംഘനത്തിനാണ് പിഴ ഈടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടാംദിവസം സർവീസിന് ഇറങ്ങിയപ്പോഴാണു ബസ് കഴിഞ്ഞ ദിവസം തമിഴ്നാട് മോട്ടർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. ബസ് വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ബേബി ഗിരീഷും യാത്രക്കാരും കോയമ്പത്തൂർ ഗാന്ധിപുരത്തെ സെൻട്രൽ ആർടിഒ കോംപൗണ്ടിലുള്ള ബസിൽനിന്ന് ഇറങ്ങാതെ പ്രതിഷേധിച്ചു. അല്ലെങ്കിൽ, പകരം വാഹനം ഏർപ്പാടാക്കണമെന്ന യാത്രക്കാരുടെ ആവശ്യം ആദ്യം അധികൃതർ അംഗീകരിച്ചില്ലെങ്കിലും ചർച്ചകളെ തുടർന്ന് രാത്രി എട്ടരയോടെ മോട്ടർ വാഹന വകുപ്പിന്റെ വാഹനത്തിൽ ബേബി ഗിരീഷും യാത്രക്കാരും പാലക്കാട്ടേക്കു പുറപ്പെട്ടിരുന്നു.
ജോയിന്റ് കമ്മിഷണറുടെ പരിശോധനയ്ക്കു ശേഷമാണു പിഴയീടാക്കിയത്. പെർമിറ്റ് ലംഘനം, ഗ്രീൻ പെർമിറ്റ് പിഴ, വാഹനത്തിലെ അനധികൃത മാറ്റങ്ങൾ എന്നിവയ്ക്കു 18ന് ബസുടമയിൽനിന്ന് 70,410 രൂപ തമിഴ്നാട് പിഴ ഈടാക്കിയിരുന്നു. ചാവടി ചെക്പോസ്റ്റിലെ പരിശോധനയ്ക്കു ശേഷമാണു ബസ് കസ്റ്റഡിയിലെടുത്ത് ആർടി ഒാഫിസിലേക്കു മാറ്റിയത്. യാത്രക്കാരെ കോയമ്പത്തൂരിൽ മാത്രമേ ഇറക്കാവൂ എന്ന പെർമിറ്റ് വ്യവസ്ഥ ബസ് ലംഘിച്ചതായി വകുപ്പ് പറയുന്നു.