‘പാർലമെന്റിന്റെ അടിത്തറ ഇളക്കും’: ഡിസംബർ 13ന് പാർലമെന്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി പന്നുവിന്റെ വിഡിയോ
Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന് ഭീഷണിയുമായി ഖലിസ്ഥാൻ അനുകൂല സിഖ് സംഘടനാ നേതാവ് ഗുർപട്‌വന്ത് സിങ് പന്നു. പാർലമെന്റ് ആക്രമണത്തിന്റെ 22–ാം വാർഷികമായ ഡിസംബർ 13ന് ആക്രമണം നടത്തുമെന്നാണ് പന്നു പുറത്തുവിട്ട വിഡിയോയിൽ പറയുന്നത്. 2001 ഡിസംബർ 13നായിരുന്നു പാർലമെന്റ് ആക്രമണം.
2013ൽ തൂക്കിലേറ്റപ്പെട്ട, പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്‌സൽ ഗുരുവിന്റെ ‘ഡൽഹി ബനേഗാ ഖലിസ്ഥാൻ’ (ഡൽഹി ഖലിസ്ഥാനായി മാറും) എന്ന കുറിപ്പോടെയുള്ള പോസ്റ്റർ ഉൾപ്പെടെ പ്രദർശിപ്പിക്കുന്ന വിഡിയോയിൽ, തന്നെ കൊല്ലാനുള്ള ഇന്ത്യൻ ഏജൻസികളുടെ ഗൂഢാലോചന പരാജയപ്പെട്ടതായി പന്നു പറഞ്ഞു. ഡിസംബർ 13നോ അതിനുമുൻപോ ‘പാർലമെന്റിന്റെ അടിത്തറ തന്നെ ഇളക്കുന്ന’ നടപടി സ്വീകരിച്ചുകൊണ്ട് ഇതിനു മറുപടി നൽകുമെന്നും പന്നു കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച ആരംഭിച്ച പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടരുന്നതിനിടെയാണ് പന്നുവിന്റെ ഭീഷണി. ഡിസംബർ 22 വരെ സമ്മേളനം തുടരും. പന്നുവിന്റെ ഭീഷണി വിഡിയോ പുറത്തുവന്നതോടെ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ കെ-2 (കശ്മീർ-ഖലിസ്ഥാൻ) ഡെസ്‌ക് ഇന്ത്യ വിരുദ്ധ വിവരണങ്ങൾ പ്രചരിപ്പിക്കുന്നത് തുടരാൻ പന്നുവിനു നിർദേശം നൽകിയെന്ന റിപ്പോർട്ട് ലഭിച്ചതായി സുരക്ഷാ ഏജൻസികൾ പറഞ്ഞു.
പന്നുവിനെ യുഎസിൽ വധിക്കാൻ ശ്രമിച്ചതു തടഞ്ഞെന്നും ഇന്ത്യയെ യുഎസ് താക്കീതു ചെയ്തെന്നും യുകെയിലെ ഫിനാൻഷ്യൽ ടൈംസ് കഴിഞ്ഞമാസം റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയുടെ അറിവോടെയായിരുന്നു ശ്രമമെന്ന മട്ടിലായിരുന്നു റിപ്പോർട്ട്. എന്നാൽ, ചില ക്രിമിനലുകളും സായുധ സംഘങ്ങളും വിഘടനവാദ സംഘടനകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ യുഎസ് നൽകിയെന്നാണു വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
ഇക്കാര്യങ്ങൾ അന്വേഷിക്കാൻ ഉന്നതതല പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് നിജ്ജറിനെ കാനഡയിൽ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു.