ഭാരത് ജോഡോ ന്യായ് യാത്ര: രണ്ടിടത്ത് രാത്രി തങ്ങാനുള്ള അനുമതി നിഷേധിച്ച് അസം സർക്കാർ
Mail This Article
ഗുവാഹത്തി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ ന്യായ് യാത്ര’യ്ക്കിടെ നേതാക്കൾക്ക് സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ രാത്രി തങ്ങാന്‍ അസം സർക്കാർ അനുമതി നിഷേധിച്ചതായി കോൺഗ്രസ്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന ദേശീയ നേതാക്കൾ കഴിയുന്ന കണ്ടെയ്‌നറുകൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നില്ലെന്നാണ് കോൺഗ്രസ് ആരോപണം.
‘‘കണ്ടെയ്‌നർ വാഹനങ്ങൾ പാർക്ക് ചെയ്‌ത് രാത്രി താമസത്തിനായി ധേമാജി ജില്ലയിലെ ഗോഗമുഖിൽ ഒരു സ്‌കൂൾ ഗ്രൗണ്ട് ആവശ്യപ്പെട്ടിരുന്നു. ആദ്യം അനുമതി നൽകിയെങ്കിലും അവസാന നിമിഷം പിൻവലിച്ചു. ജോർഹട്ട് ജില്ലയിലെ ഒരു കോളജ് മൈതാനത്തും രാത്രി തങ്ങുന്നതിന് അനുമതി നൽകിയില്ല. ’’– അസം പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ പറഞ്ഞു.
‘‘ഇതൊരു രാഷ്ട്രീയ പരിപാടി പോലുമല്ല. യാത്ര നടത്താനുള്ള ഞങ്ങളുടെ ജനാധിപത്യ അവകാശത്തെ ബിജെപി നിഷേധിക്കുകയാണ്. ഓൺലൈനായാണ് അനുമതിക്കുള്ള അപേക്ഷാ നടപടികൾ എന്നതിനാൽ, മറ്റു ജില്ലകളിലെ സ്ഥിതയെക്കുറിച്ചു വ്യക്തമല്ല. അതുകൊണ്ട് രാത്രി കണ്ടെയ്നറുകൾ പാർക്കു ചെയ്യാനായി വ്യക്തികളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പിന്തുണ തേടുകയാണ്’’– അദ്ദേഹം പറഞ്ഞു.
‘ഭാരത് ജോഡോ ന്യായ് യാത്ര’യുടെ ഇംഫാലിലെ ഉദ്ഘാടന വേദിക്ക് കഴിഞ്ഞ ദിവസം മണിപ്പുർ സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഇംഫാല്‍ ഈസ്റ്റിലെ ഹത്ത കാങ്‌ജെയ്ബുങ്ങിൽനിന്നാണ് ജനുവരി 14നാണ് യാത്ര തുടങ്ങാനിരുന്നത്. സംസ്ഥാനത്തെ ക്രമസമാധാന നില ചൂണ്ടിക്കാട്ടി മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് അനുമതി നിഷേധിക്കുകയായിരുന്നു. ഇതേത്തുടർന്ന് തൗബാൽ ജില്ലയിലെ ഖോങ്‌ജോമിലേക്ക് വേദി മാറ്റുമെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു.