ADVERTISEMENT

ന്യൂഡൽഹി∙ മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാളിനെ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ സിബിഐ അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമായ സൂചന ലഭിച്ചതായി എഎപി നേതാക്കൾ പറഞ്ഞു. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിൽ നിന്ന് എഎപിയെ പിന്തിരിപ്പിക്കാനാണ് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കമെന്ന് എഎപി നേതാവും മന്ത്രിയുമായ സൗരഭ് ഭരദ്വാജ് ആരോപിച്ചു. 

കോൺഗ്രസ്– എഎപി സഖ്യ സൂചന ലഭിച്ചപ്പോൾ തന്നെ മദ്യനയ അഴിമതിക്കേസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും മുഖ്യമന്ത്രിക്കു നോട്ടിസ് നൽകിയതായും സൗരഭ് ഭരദ്വാജ് ചൂണ്ടിക്കാട്ടി. 

കോൺഗ്രസും എഎപിയും സഖ്യത്തിൽ മത്സരിക്കുന്നതിനെ ബിജെപി ഭയക്കുകയാണ്. കേജ‍്‍രിവാളിനെ അറസ്റ്റ് ചെയ്താലും സഖ്യത്തിൽ നിന്നു പിൻമാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

മുഖ്യമന്ത്രിക്കുള്ള നോട്ടിസ് സിബിഐ തയാറാക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി ഗോപാൽ റായ് പറഞ്ഞു. ഇ.ഡിക്കു ശേഷം സിബിഐയെ ദുരുപയോഗം ചെയ്തുള്ള രാഷ്ട്രീയ നീക്കത്തിനാണ് കളമൊരുങ്ങുന്നത്. എഎപി നേതാക്കൾക്കെതിരെ അന്വേഷണം നടത്തിയിട്ടും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി എഎപി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ആർക്കും ഇതിനെ തടയാനാവില്ലെന്നും ഗോപാൽ റായ് പ്രഖ്യാപിച്ചു. 

കേജ‍്‍രിവാളിനെ അറസ്റ്റ് ചെയ്താൽ ജനങ്ങൾ തെരുവിലിറങ്ങുമെന്ന് സന്ദീപ് പാഠക് എംപി മുന്നറിയിപ്പു നൽകി. ബിജെപിയുടെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ പാളുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കോൺഗ്രസുമായുള്ള സഖ്യ ചർച്ചകൾ പരാജയപ്പെടുമെന്ന് തിരിച്ചറിഞ്ഞ എഎപി നേതാക്കൾ മുഖ്യമന്ത്രിക്ക് അനുകൂലമായി ജനവികാരം സൃഷ്ടിക്കാനുള്ള തത്രപ്പാടിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ദേവ പ്രതികരിച്ചു

English Summary:

CBI to arrest Kejriwal? Minister Saurabh Bhardwaj said he got a clear indication

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com