ADVERTISEMENT

കൊൽക്കത്ത∙ ബംഗാളിൽ പ്രക്ഷോഭം നടക്കുന്ന സന്ദേശ്ഖാലി സന്ദർശിക്കാനെത്തിയ ഫാക്ട് ചെക്ക് സംഘത്തെ അറസ്റ്റു ചെയ്തു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഭോജേർഹട്ടിൽ നിന്നെത്തിയ ആറംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ഇവരെ കൊൽക്കത്തയിലെ പിഎച്ച്ക്യു ലാൽ ബസാറിലേക്കു കൊണ്ടുവന്നു. പൊലീസ് ബാരിക്കേഡ് തകർത്ത് അനധികൃതമായി കടക്കാൻ ശ്രമിച്ചതിനാലാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ ഇവരെ അറസ്റ്റ് ചെയ്തതെന്ന് കൊൽക്കത്ത പൊലീസിലെ ഭംഗാർ ഡിവിഷൻ ഡപ്യൂട്ടി കമ്മിഷണർ സൈകത് ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.

Read also: വിവിധ രാജ്യങ്ങളിലേക്ക് കടത്തിയത് 2000 കോടിയുടെ ലഹരിമരുന്ന്; സിനിമാ നിർമാതാവിനായി തിരച്ചിൽ

എന്നാൽ പൊലീസ് യാതൊരു പ്രകോപനവും കൂടാതെ തടയുകയായിരുന്നെന്ന് സംഘത്തിലുണ്ടായിരുന്ന ചാരു വാലി ഖന്ന പറഞ്ഞു.

‘‘മനഃപൂർവം ഞങ്ങളെ തടഞ്ഞുനിർത്തി സാധാരണക്കാർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. സന്ദേശ്ഖലിയിലെ ഇരകളെ കാണാൻ പൊലീസ് ഞങ്ങളെ അനുവദിക്കുന്നില്ല.’’– അവർ പറഞ്ഞു. സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകർന്നിരിക്കുകയാണെന്നും നിർഭാഗ്യവശാൽ, പൊലീസ് നിയമവിരുദ്ധമായ ഉത്തരവുകൾ നടപ്പിലാക്കുകയും നിയമം കൈയിലെടുക്കുകയും ചെയ്യുകയാണെന്നും മറ്റൊരു സംഘാഗമായ ഒ.പി.വ്യാസ് പറഞ്ഞു.

ഒരു മാസം മുൻപ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വീട് പരിശോധിക്കാൻ എത്തിയതിനു പിന്നാലെയാണ് ഇവിടെ സംഘർഷം തുടങ്ങിയത്. തൃണമൂൽ കോൺഗ്രസ് നേതാവായ ഷാജഹാൻ ഷെയ്ഖിനെ പിന്തുണയ്ക്കുന്ന ജനക്കൂട്ടം ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു.

ഇതിനു പിന്നാലെ ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വനിതകളടക്കം പ്രതിഷേധം തുടങ്ങി. ചൂലും മുളവടികളുമായി നൂറുകണക്കിനു സ്ത്രീകളാണ് രംഗത്തുള്ളത്. സാധാരണക്കാരുടെ ഭൂമി തട്ടിയെടുത്തതിനു പുറമേ ഷാജഹാൻ ഷെയ്ഖും അനുചരൻമാരും സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. ജില്ലാ പഞ്ചായത്ത് പരിഷത്ത് അംഗം കൂടിയായ ഷാജഹാൻ ഷെയ്ഖ് ആണ് ഇന്ത്യ-ബംഗ്ലദേശ് അതിർത്തിപ്രദേശമായ സന്ദേശ്ഖാലിയെ നിയന്ത്രിക്കുന്നത്.

English Summary:

Fact-finding committee members arrested en route to Sandeshkhali in West Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com