സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ
Mail This Article
കൊച്ചി ∙ സംവിധായകൻ ജോഷിയുടെ വീട്ടിൽനിന്നു മോഷ്ടിക്കപ്പെട്ടത് ഒരു കോടിയിലേറെ രൂപയുടെ സ്വർണ, വജ്രാഭരണങ്ങൾ. പനമ്പള്ളി നഗറിലെ ബി സ്ട്രീറ്റിലുള്ള അഭിലാഷം വീട്ടിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു മോഷണം. വീടിന്റെ പിൻഭാഗത്തുള്ള അടുക്കളയുടെ അരികിലുള്ള ജനൽ തള്ളിത്തുറന്ന് അകത്തു കയറിയ മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
മുകൾനിലയിലെ രണ്ട് മുറികളിലാണ് മോഷണം നടന്നത്. സേഫ് ലോക്കർ കുത്തിപ്പൊളിച്ച്, 25 ലക്ഷം രൂപയുടെ വജ്ര നെക്‌ലസ്, എട്ടു ലക്ഷം രൂപ വിലയുള്ള 10 വജ്രക്കമ്മലുകള്‍, 10 മോതിരങ്ങള്‍, 10 സ്വർണമാലകൾ, 10 വളകൾ, വില കൂടിയ 10 വാച്ചുകള്‍ തുടങ്ങിയവയാണ് മോഷണം പോയത്. ജോഷി, ഭാര്യ സിന്ധു, മരുമകൾ വർഷ, ഇവരുടെ കുട്ടികൾ എന്നിവരാണ് ആ സമയത്തു വീട്ടിലുണ്ടായിരുന്നത്. മകനും സംവിധായകനുമായ അഭിലാഷ് ജോഷി സ്ഥലത്തില്ലായിരുന്നു.
പുലർച്ചെ അഞ്ചരയോടെ സിന്ധു ഉണർന്ന് അടുക്കളയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ പൊലീസിനെ അറിയിച്ചു. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.