‘മോദിക്കെതിരെ നിലപാട്, ലോകം ശ്രദ്ധിച്ച സംസാരം’: തരൂരിനെ പിന്തുണച്ച് പ്രകാശ് രാജ്
Mail This Article
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരിനാണു തന്റെ പിന്തുണയെന്നു നടൻ പ്രകാശ് രാജ്. മികച്ച ജനപ്രതിനിധിയാണു തരൂർ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചു. രാജ്യത്തിനായി തരൂർ സംസാരിച്ചു. ആ സംസാരം ലോകം ശ്രദ്ധിച്ചു. രാജ്യത്തിന്റെ അഭിമാനമാണ് തരൂർ. താൻ രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്നില്ലെന്നും തരൂരെന്ന വ്യക്തിക്കാണ് പിന്തുണ നൽകുന്നതെന്നും പ്രസ് ക്ലബിലെ വാർത്താ സമ്മേളനത്തിൽ പ്രകാശ് രാജ് പറഞ്ഞു.
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷമായ വിമർശനമാണു പ്രകാശ് രാജ് നടത്തിയത്. ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കു രക്ഷപ്പെട്ട ആളിനെ തേടിയാണ് താൻ ഇവിടെ വന്നതെന്ന് പരിഹാസരൂപേണ പ്രകാശ് രാജ് പറഞ്ഞു. മൂന്നു തവണ എംപിയായിരുന്ന രാജീവിന് ബിജെപി കർണാടകയിൽ സീറ്റ് നൽകില്ല. സ്വത്ത് സംബന്ധിച്ചു തെറ്റായ വിവരങ്ങളാണു രാജീവ് നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയത്. ബിജെപിയിൽ നിറയെ കള്ളം പറയുന്നവരാണ്.
-
Also Read
ശശി തരൂരിന് എതിരെ കേസെടുത്തു
മണിപ്പുരിൽ എന്തു നടന്നെന്നോ, കർഷകരുടെ അവസ്ഥ എന്താണെന്നോ സ്വന്തം നേതാക്കളോടു ചോദിക്കാൻ രാജീവിനു കഴിഞ്ഞിട്ടില്ല. വലിയ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണ് വരുന്നത്. 5 വർഷം കൂടി ബിജെപി ഭരിച്ചാൽ രാജ്യം ശിഥിലമാകും. ജനാധിപത്യം, ജനഐക്യം എന്നിവ സംരക്ഷിക്കാൻ ഈ തിരഞ്ഞെടുപ്പിനെ വിനിയോഗിക്കണം. രാജ്യത്തിന്റെ പ്രത്യേകതയായ വൈവിധ്യങ്ങളെ മറികടന്ന് ഒറ്റ ഭാഷ, ഒറ്റ നിയമം തുടങ്ങിയവ അടിച്ചേൽപ്പിക്കാനാണു ബിജെപി ശ്രമിക്കുന്നത്. 100 സ്മാർട് സിറ്റി നിർമിക്കുമെന്നാണു ബിജെപി പറഞ്ഞത്. എവിടെയെങ്കിലും സ്മാർട് സിറ്റി ഉള്ളതായി ആർക്കെങ്കിലും കാണിക്കാനാകുമോയെന്നും പ്രകാശ് രാജ് ചോദിച്ചു.
സിപിഎമ്മും ബിജെപിയെ പ്രതിരോധിക്കുന്നവരാണല്ലോ, എന്തു കൊണ്ടാണ് എൽഡിഎഫ് സ്ഥാനാർഥിയ പിന്തുണയ്ക്കാത്തത് എന്ന ചോദ്യത്തിന്, തനിക്ക് തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാര്‍ഥിയെ അറിയാമെന്നും അദ്ദേഹം നല്ല രാഷ്ട്രീയക്കാരനാണെന്നുമായിരുന്നു മറുപടി. താൻ രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കുന്നില്ല. രാജീവ് ചന്ദ്രശേഖറിന് എതിരായി സംസാരിക്കാനാണു തിരുവനന്തപുരത്തെത്തിയതെന്നും പ്രകാശ് രാജ് പറഞ്ഞു.