പെരുമാറ്റച്ചട്ടം അവസാനിച്ചാൽ നഷ്ടപരിഹാരം കിട്ടുമോ? പ്രതീക്ഷയിൽ പെരിയാറിലെ മത്സ്യക്കർഷകർ
Mail This Article
കൊച്ചി∙ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കാനിരിക്കെ തങ്ങൾക്ക് നഷ്ടപരിഹാരം കിട്ടുമെന്ന പ്രതീക്ഷയിൽ പെരിയാറിലെ മത്സ്യക്കുരുതിയിൽ എല്ലാം നഷ്ടപ്പെട്ട കർഷകർ. 13.55 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്. ഇതിൽ 7 കോടിയിലധികം രൂപ മത്സ്യങ്ങൾ നശിച്ചതു മൂലവും ബാക്കി മത്സ്യകൃഷിയും അനുബന്ധ ജോലികളും ചെയ്യുന്നവർക്കുണ്ടായ നഷ്ടവുമാണ്. ഒന്നും രണ്ടും കൂടുകൾക്കുള്ള ലൈസൻസ് ഉപയോഗിച്ച് 8–10 കൂടുകളിൽ മത്സ്യകൃഷി നടത്തി മുഴുവൻ ചത്തുപോയവർക്കുണ്ടായ നഷ്ടം എങ്ങനെ നികത്തുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. മുടക്കുമുതലെങ്കിലും കിട്ടിയാൽ എടുത്ത വായ്പ തിരിച്ചടയ്ക്കാമായിരുന്നു എന്നു കരുതുന്ന കൂടുമത്സ്യ കർഷകരാണ് കൂടുതലും. ഇന്ന് വൈകിട്ട് സിപിഎം വരാപ്പുഴയിൽ കൂടുമത്സ്യ കർഷകരുടെ യോഗം വിളിച്ചിട്ടുണ്ട്.
പാതാളം റെഗുലേറ്ററിനു താഴെ യുവാക്കളടക്കം ഒട്ടേറെപ്പേർ കൂടുമത്സ്യകൃഷിയും ചൈനീസ് വല ഉപയോഗിച്ചുള്ള മീൻപിടിത്തവും നടത്തുന്നുണ്ടെന്ന് ജില്ലാ കലക്ടർ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇവരുടെ മത്സ്യകൃഷി നശിച്ചുപോയതിനാൽ നഷ്ടപരിഹാരം നൽകണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. നഷ്ടം സംഭവിച്ചവരിൽനിന്നു ഫിഷറീസ് വകുപ്പ് നേരത്തെ കണക്ക് ശേഖരിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ പെരുമാറ്റച്ചട്ടം അവസാനിക്കും. സംസ്ഥാന മന്ത്രിസഭാ യോഗം ചേർന്ന് തങ്ങൾക്കുള്ള നഷ്ടപരിഹാരം അനുവദിക്കും എന്ന പ്രതീക്ഷയിലാണ് കർഷകർ.
‘‘നഷ്ടപരിഹാരം എന്നു കിട്ടുമെന്ന് അറിയില്ല. പക്ഷേ നമ്മൾ എടുത്ത വായ്പയും കടവുമൊക്കെ തിരിച്ചടച്ചല്ലേ പറ്റൂ. അടുത്ത തവണ മീൻകുഞ്ഞുങ്ങളെ ഇറക്കണമെങ്കിലും കാശു വേണമെല്ലോ. ചീന വല അന്ന് ഊരിവച്ചിട്ട് തൊട്ടിട്ടു പോലുമില്ല. പെരിയാറിൽ എന്തെങ്കിലും ഉണ്ടെങ്കിലല്ലേ വല ഇട്ടിട്ടു കാര്യമുള്ളൂ. ആളുകൾ എത്ര മീൻ പോയെന്ന് ചോദിക്കുമ്പോഴാണ് സങ്കടം കൂടുന്നത്’’– വരാപ്പുഴക്കാരൻ സുധീപ് പറയുന്നു. മൂന്നുമാസം കൂടി കഴിഞ്ഞാൽ വളർച്ചയെത്തിയ കാളാഞ്ചിയും കരിമീനും വിൽക്കാൻ സുധീപിനു സാധിക്കുമായിരുന്നു. കഴിഞ്ഞ 7 മാസത്തെ അധ്വാനവും 6 ലക്ഷം രൂപയും ഒറ്റയടിക്കാണ് സുധീപിന് നഷ്ടമായത്. ഇതിൽ പകുതി സ്വാശ്രയ സംഘങ്ങളിൽനിന്ന് വായ്പയായി എടുത്ത പണമാണ്. ‘‘നിങ്ങൾക്ക് കോടികളല്ലേ നഷ്ടപരിഹാരം കിട്ടാൻ പോകുന്നതെന്നൊക്കെ ചിലർ വിളിച്ചു ചോദിക്കും. മുടക്കുമുതലെങ്കിലും കിട്ടിയാൽ മതിയാരുന്നു. എല്ലാ രേഖകളും പഞ്ചായത്ത് വഴി ഫിഷറീസ് വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്’’– സുധീപ് പറഞ്ഞു.
വരാപ്പുഴക്കാരനായ ആന്റണി കൊറേയയ്ക്ക് ഒരു ലക്ഷം രൂപയ്ക്കു മുകളിൽ നഷ്ടമുണ്ടായി. ദുരന്തമുണ്ടാകുന്നതിന്റെ തലേ ആഴ്ച കൂട്ടിൽക്കിടന്ന കാളാഞ്ചിയയെ പിടിച്ചതുകൊണ്ടാണ് നഷ്ടം കുറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ‘‘ഒരാഴ്ച മുമ്പ് കരിമീൻ പിടിക്കേണ്ടതായിരുന്നു. പക്ഷേ അവർക്ക് വരാൻ പറ്റാതെ പോയി. അതുകൊണ്ടാണ് ആ മീന്‍ പോയത്. എനിക്ക് 85,000 രൂപയും പണിക്കാശുമാണ് നഷ്ടമായത്. കൂടുതൽ പറഞ്ഞിട്ടു കാര്യമില്ലല്ലോ’’–ആന്റണി പറഞ്ഞു.
ഉള്ള ലൈസൻസുകളേക്കാൾ കൂടുതൽ കൂടുകളിൽ മീൻ വളർത്തി അവയെ നഷ്ടപ്പെട്ട കർഷകർക്ക് എങ്ങനെ നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. ഔദ്യോഗികമായി ഇവർക്ക് ലൈസൻസ് ഉള്ളത് മാത്രമേ നഷ്ടപരിഹാരത്തിനായി ഹാജരാക്കാൻ പറ്റൂ. എന്നാൽ അതിന്റെ നിരവധി ഇരട്ടിയാണ് ഉണ്ടായിരിക്കുന്ന നഷ്ടം. ഇക്കാര്യങ്ങൾ കൂടി സർക്കാർ പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്ന കൂടുമത്സ്യ കർഷകരുമുണ്ട്.