ചാടിക്കയറുമ്പോൾ കാൽവഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ; രക്ഷകനായി പൊലീസുകാരൻ– വിഡിയോ

Mail This Article
പാപ്പിനിശ്ശേരി (കണ്ണൂർ)∙ ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ ഗുജറാത്ത് സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ ദൈവത്തിന്റെ കരങ്ങളുമായി ഇരിണാവ് സ്വദേശിയായ പൊലീസുകാരൻ. സ്റ്റേഷനിൽ നിന്നും നീങ്ങിക്കഴിഞ്ഞ ട്രെയിനിന്റെയും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി മരണം മുന്നിൽക്കണ്ട യാത്രക്കാരനെ സ്വന്തം ജീവൻ പോലും വകവെയ്ക്കാതെയാണു റെയിൽവേ പൊലീസ് ഓഫിസർ ഇരിണാവിലെ വി.വി.ലഗേഷ്(44) രക്ഷിച്ചത്.
മേയ് 26ന് രാത്രി 8ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം. കൊച്ചുവേളിയിൽ നിന്നും പോർബന്തറിലേക്കു പോകുന്ന വീക്ക്‌ലി എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്ന അഹമ്മദാബാദ് നരോദ സ്വദേശി പുരുഷോത്തംഭായി(67)യാണ് അപകടത്തിൽപ്പെട്ടത്. വെള്ളം വാങ്ങാൻ പുറത്തിറങ്ങിയ ഇദ്ദേഹം ട്രെയിൻ പുറപ്പെടുന്ന നേരം ചാടിക്കയറുമ്പോൾ കാൽവഴുതി വീണു. മുന്നോട്ടു നീങ്ങുന്ന ട്രെയിനിന്റെയും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി ഏറെദൂരം മുന്നോട്ടു നീങ്ങി.
വലതു കൈകൊണ്ടു ട്രെയിൻ സ്റ്റെപ് പിടിച്ചു നീങ്ങി നിലവിളിക്കുന്ന യാത്രക്കാരനെയാണു ലഗേഷ് കണ്ടത്. ഉടൻ പിന്നിലേക്ക് ഓടി കൈപിടിക്കാൻ ശ്രമിച്ചെങ്കിലും ആദ്യം പരാജയപ്പെട്ടു. തുടർന്നു ട്രെയിനിന്റെ വിൻഡോ ഗ്രില്ലിൽ പിടിച്ചു കൊണ്ടു ട്രെയിനിനൊപ്പം ഓടി ഇടതു കൈകൊണ്ടു യാത്രക്കാരന്റെ കൈകൾ പിടിച്ചു.
50 മീറ്ററോളം ദൂരം ഓടി യാത്രക്കാരനെ താഴെ വീഴാതെ തൂക്കിയെടുത്തു. പൊലീസ് ഓഫിസർ സുരേഷ് കക്കറയും സഹായത്തിനായി ഓടിയെത്തി. അപകട സൂചന നൽകിയതിനെ തുടർന്നു ട്രെയിൻ നിർത്തി. ഡോക്ടർ എത്തി പരിശോധന നടത്തി വലിയ പരുക്കുകൾ ഇല്ലാത്തതിനാൽ അതേ ട്രെയിനിൽ തന്നെ അദ്ദേഹം യാത്ര ചെയ്തു. പൊലീസ് ഡ്യൂട്ടിയുടെ ഭാഗമായി അന്ന് ഒട്ടേറെ തിരക്കുള്ളതിനാൽ ആ സംഭവം പലരും അറിയാതെ പോയി.
കഴിഞ്ഞ ദിവസം അടുത്ത സുഹൃത്തുക്കളാണ് ഈ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചത്. കഴിഞ്ഞ 13 വർഷമായി കേരള പൊലീസിൽ ജോലി ചെയ്യുന്ന ലഗേഷ് നാട്ടിലെ സാമൂഹിക സേവന പ്രവർത്തനങ്ങളിലും സജീവമാണ്. ഭാര്യ: സിന്ധു. മക്കൾ: വൈഗ, വേദ, വൈഷ്ണ.