ഇന്ത്യ ഹിന്ദുരാഷ്ട്രമല്ലെന്ന് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തെളിഞ്ഞു: അമർത്യസെൻ
Mail This Article
ന്യൂഡൽഹി∙ ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമല്ലെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നൽകുന്ന സൂചനയെന്ന് സാമ്പത്തിക വിദഗ്ധൻ അമർത്യസെൻ. മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയിൽ രാഷ്ട്രീയമായി തുറന്ന മനസ്സോടെയിരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രിട്ടീഷുകാരുടെ ഭരണത്തിൻ കീഴിലായിരുന്ന സമയത്തെന്നപോലെ വിചാരണ കൂടാതെയുള്ള തടങ്കൽ രാജ്യത്ത് വ്യാപകമാവുകയാണെന്ന അതൃപ്തിയും അദ്ദേഹം പങ്കുവച്ചു.
‘‘ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി മാറ്റാനുള്ള ആശയം ഉചിതമാണെന്നു തോന്നുന്നില്ല. ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമല്ല. അത് ലോകസ്ഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതാണ്. ഒരുപാടു പണം ചെലവഴിച്ചാണ് അയോധ്യയിൽ രാമക്ഷേത്രം പണികഴിപ്പിച്ച് ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി ചിത്രീകരിക്കാൻ ശ്രമിച്ചത്. മഹാത്മാ ഗാന്ധിയുടെയും രവീന്ദ്രനാഥ ടാഗോറിന്റെയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും നാട്ടിൽ അതു നടക്കാൻ പാടില്ല. അതല്ല ഇന്ത്യയുടെ യഥാർഥ സ്വത്വം. അതു മാറിയേ തീരൂ’’ – അമർത്യ സെൻ പറഞ്ഞു.
‘‘ചെറുപ്പകാലത്ത് എന്റെ അമ്മാവന്മാരെയും സഹോദരന്മാരെയും വിചാരണ കൂടാതെ ജയിലിൽ അടച്ചിരുന്നത് ഞാൻ ഓർക്കുന്നു. ഇതിൽനിന്ന് ഇന്ത്യ സ്വതന്ത്രമാകണമെന്നാണ് നാം ആഗ്രഹിച്ചിരുന്നത്. അത് വസാനിപ്പിക്കാൻ കോൺഗ്രസിനും സാധിച്ചിരുന്നില്ല. എന്നാൽ ഈ സർക്കാരിന്റെ കാലത്ത് അത് കൂടുതൽ ശക്തമാണ്. എല്ലാ തിരഞ്ഞെടുപ്പിനു ശേഷവും മാറ്റമുണ്ടാകണമെന്നാണ് നാം ആഗ്രഹിക്കുന്നത്. പക്ഷെ ആളുകളെ വിചാരണ കൂടാതെ തടവിലാക്കുന്നതും പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം വർധിക്കുന്നതും തുടരുകയാണ്. അത് അവസാനിപ്പിക്കണം.’’ – അദ്ദേഹം പറഞ്ഞു.
മുൻ സർക്കാരിന്റെ കോപ്പി മാത്രമാണ് ഇപ്പോൾ അധികാരത്തിലേറിയ സർക്കാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാമമാത്രമായ മാറ്റങ്ങളാണ് വരുത്തിയത്. രാഷ്ട്രീയമായി കരുത്തരായവർ തന്നെയാണ് ഇത്തവണയും അധികാരം കയ്യാളുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകളിൽ വിജയിച്ച ഒറ്റക്കക്ഷിയായിരുന്നു ബിജെപി. 240 സീറ്റുകളിൽ വിജയിച്ച ബിജെപി കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാൽ സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്.