കട്ടിലിൽ കിടന്നു, കസേരയും പാത്രങ്ങളും കൊണ്ടുപോയി, പ്രധാനമന്ത്രിയുടെ വസതിയിലിരുന്ന് പുകവലി– വിഡിയോ
Mail This Article
ധാക്ക∙ രണ്ടു വർഷം മുൻപ് ശ്രീലങ്കയിൽ കണ്ട അതേ കാഴ്ചകളാണ് ഓഗസ്റ്റ് 5ന് ബംഗ്ലദേശിലും അരങ്ങേറിയത്. 2022 ജൂലൈയിൽ ശ്രീലങ്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകർ അവിടെ തയാറാക്കിയിരുന്ന ഭക്ഷണം അതിക്രമിച്ച് കഴിക്കുകയും വസതിയിലുണ്ടായിരുന്ന മയിലിനെവരെ കടത്തിക്കൊണ്ടുപോകുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് സൈന്യം താൽക്കാലികമായി നിയന്ത്രണമേറ്റതോടെ സമാന കാഴ്ചയാണ് ബംഗ്ലദേശിലുമുണ്ടായത്. ഹസീനയുടെ ഔദ്യോഗിക വസതിയായ ഗാനഭബനിൽ പ്രക്ഷോഭകർ കൈയറി ഭക്ഷണം കഴിക്കുന്നതിന്റെയും വസതി നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്.
ഹസീനയുടെ വസതിയായ ഗാനഭബനിൽ കടന്നുകയറിയ പ്രക്ഷോഭകർ അവരുടെ കട്ടിലിൽ കിടക്കുന്നതും വസ്ത്രങ്ങളും കസേരയും പാത്രങ്ങളും സാരികളും പരവതാനികളുമെല്ലാം കടത്തിക്കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.
അതീവസുരക്ഷാ മേഖലയായ പ്രധാനമന്ത്രിയുടെ വസതിയിൽ പ്രക്ഷോഭകർ കസേരകളിൽ ഇരുന്ന് പുകവലിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ട്. തെരുവുകളിലും വലിയതോതിൽ അക്രമസംഭവങ്ങൾ അരങ്ങേറുകയാണ്.
ബംഗ്ലദേശ് ആഭ്യന്തരമന്ത്രിയുടെയും സുപ്രീം കോടതി ജഡ്ജിയുടെയും വീടുകൾക്ക് സമരക്കാർ തീയിട്ടു. ഷെയ്ഖ് ഹസീനയുടെ പിതാവും പ്രഥമ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ പ്രതിമയും സമരക്കാർ നശിപ്പിച്ചിട്ടുണ്ട്.