ADVERTISEMENT

കൽപറ്റ ∙ കർണാടകയ്ക്കും തമിഴ്നാടിനുമിടയിൽ കേരളത്തിലെ ഒരു തുരുത്തുപോലെ, വിനോദസഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലൊന്ന് എന്നത് ഒഴിച്ചുനിർത്തിയാൽ അധികം ദേശീയ ശ്രദ്ധയിലെത്താതിരുന്ന ജില്ലയായ വയനാട് അടുത്ത കാലത്തായി ദേശീയ രാഷ്ട്രീയത്തിലെ  ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ്. ബുധനാഴ്ചയും അത്തരമൊരു അപൂർവ കാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് വയനാട്ടുകാർ.

കോൺഗ്രസിന്റെ ഉന്നത നേതൃനിര തന്നെ നാളെ വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കു വേണ്ടി വോട്ട് ചോദിക്കാനെത്തുന്നു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരോടൊപ്പം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരും ഉണ്ടാകും. 

ആദ്യമായാണ് സോണിയ ഗാന്ധി വയനാട്ടിൽ എത്തുന്നത്. മകൾ കന്നിയങ്കത്തിനിറങ്ങുന്ന മണ്ഡലത്തിൽ പത്രിക സമർപ്പണത്തിനു സോണിയയുമുണ്ടാകും. രാഹുൽ ഗാന്ധി വയനാട്ടിൽ രണ്ടു തവണ മത്സരിച്ചപ്പോഴും സോണിയ ഗാന്ധി എത്തിയിരുന്നില്ല. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായി ജില്ലയിലെത്തുന്ന പ്രിയങ്കയ്‌ക്കൊപ്പം സോണിയ ഉൾപ്പെടെ കോൺഗ്രസ് നേതൃത്വം മുഴുവനുമാണ് എത്തുന്നത്. 

∙ വർഷങ്ങൾക്കു ശേഷം

സോണിയ ഗാന്ധി കേരളത്തിൽ എത്തുന്നത് വർഷങ്ങൾക്കു ശേഷമാണ്. രാഹുൽ ഗാന്ധി കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പ്രചാരണ യോഗങ്ങളിൽ മിക്കയിടത്തും പറഞ്ഞത് ‘വയനാട് എന്റെ കുടുംബമാണ്’ എന്നാണ്. അമ്മയോട് ഒരാഴ്ചയെങ്കിലും വയനാട്ടിൽ വന്നു താമസിക്കാൻ പല വട്ടം ആവശ്യപ്പെട്ടുവെന്നും എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ കാരണം യാത്ര ബുദ്ധിമുട്ടായെന്നും രാഹുൽ പറഞ്ഞു. 

പ്രത്യേക സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയത്. 2019ൽ സ്വന്തം മണ്ഡലമായ അമേഠിയിൽ രാഹുൽ തോറ്റെങ്കിലും വയനാട്ടുകാർ വൻഭൂരിപക്ഷത്തോടെ രാഹുലിനെ പാർലമെന്റിലേക്ക് അയച്ചു. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് വയനാട്ടിൽനിന്നു മാത്രം മത്സരിക്കാനായിരുന്നു താൽപര്യം.

എന്നാൽ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽനിന്നു പിൻമാറിയ സോണിയയ്ക്ക് മകൻ തന്റെ മണ്ഡലമായ റായ്ബറേലിയിൽ മത്സരിക്കണമെന്നായിരുന്നു ആഗ്രഹം. രണ്ടു മണ്ഡലങ്ങളിലും ജയിച്ചതോടെ രാഹുലിന് റായ്ബറേലി നിലനിർത്തേണ്ടി വന്നു. അങ്ങനെ, തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽനിന്നു മാറി നിന്ന പ്രിയങ്കയെ വയനാട്ടിൽ മത്സരിക്കാൻ നിർബന്ധിക്കുകയായിരുന്നു. രാഹുലിനു വേണ്ടി പലവട്ടം മണ്ഡലത്തിൽ വന്നതിനാൽ വയനാട്ടുകാർക്ക് പ്രിയങ്കയെ നേരിട്ട് അറിയാം. കുടുംബത്തെ മുഴുവൻ കൂട്ടിയാണ് രാഹുൽ ഇത്തവണ വയനാട്ടിലേക്ക് വരുന്നത്. 

∙ ലക്ഷ്യം വൻ ഭൂരിപക്ഷം

ദേശീയ തലത്തിൽ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സിപിഐയുടെ സത്യൻ മൊകേരിയാണ് വയനാട്ടിൽ ഇടതുമുന്നണിയുടെ സ്ഥാനാർഥി. രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച ആനി രാജ ഇത്തവണ മത്സരിക്കാനില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രതീക്ഷിച്ച വോട്ട് ലഭിക്കാതിരുന്നതും മറ്റു കക്ഷികളിൽനിന്ന് ആവശ്യത്തിനു പിന്തുണ ലഭിക്കാതിരുന്നതും പാർട്ടി യോഗത്തിൽ അവർ ചോദ്യം ചെയ്തുവെന്നാണ് വിവരം. ആനി രാജ വലിയ രീതിയിൽ പ്രചാരണം നടത്തിയെങ്കിലും സിപിഎം ഉൾപ്പെടെ തണുപ്പൻ മട്ടിലാണ് പ്രതികരിച്ചതെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് സിപിഐയ്ക്ക് രംഗത്തിറക്കാൻ സാധിക്കുന്നതിൽ മികച്ച സ്ഥാനാർഥിയെത്തന്നെയാണ് ഇത്തവണയും നിർത്തിയത്. 2014ൽ വയനാട്ടിൽ മത്സരിച്ച സത്യൻ മൊകേരി ഇരുപതിനായിരം വോട്ടിന്റെ വ്യത്യാസത്തിനാണ് എം.ഐ.ഷാനവാസിനോട് തോറ്റത്. അതുകൊണ്ട് മണ്ഡലത്തിലുള്ളവർക്ക് സത്യൻ മൊകേരിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. 

അതേസമയം, പ്രിയങ്കയോട് ഏറ്റുമുട്ടാൻ സാധിക്കുന്ന ആളെയാണോ ബിജെപി നിർത്തിയതെന്ന ചോദ്യം പാർട്ടി പ്രവർത്തകർ തന്നെ ഉന്നയിക്കുന്നുണ്ട്. നവ്യ ഹരിദാസിനെ മണ്ഡലത്തിലെ ആളുകൾക്ക് പരിചയമില്ല. പ്രിയങ്കയ്ക്കെതിരെ മത്സരിക്കുന്ന ആൾ ആരാണെന്ന് വോട്ടർമാരോട് വിശദീകരിക്കേണ്ട സാഹചര്യമാണെന്നും പ്രവർത്തകർ പറയുന്നു. 

ആരൊക്കെ മത്സരിക്കാൻ വന്നാലും വയനാട്ടിൽ തങ്ങളുടെ താട്ട് താണു തന്നെയിരിക്കുമെന്നാണ് യുഡിഎഫിന്റെ വിശ്വാസം. കേരളത്തിൽ ഇതിനു മുൻപ് ഇത്രയും ദേശീയ നേതാക്കൻമാരെ അണിനിരത്തി കോൺഗ്രസ് പ്രചാരണം നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പുമൽ‌സരങ്ങളിൽനിന്ന് അകലം പാലിച്ച പ്രിയങ്ക ഒടുവിൽ മത്സരത്തിനിറങ്ങുമ്പോൾ ഭൂരിപക്ഷം അഞ്ചു ലക്ഷം കടത്തുക എന്നതു മാത്രമാണ് പ്രവർത്തകരുടെ ലക്ഷ്യം.

English Summary:

Gandhi Family Unites in Wayanad for Priyanka's Election Debut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com