തിരഞ്ഞെടുപ്പിൽ തോറ്റു, പിന്നാലെ കടക്കെണി; കമല ഹാരിസിന്റെ പ്രചാരണ സംഘത്തെ സഹായിക്കണമെന്ന് ട്രംപ്!
Mail This Article
ന്യൂയോർക്ക്∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ ഡെമോക്രാറ്റ് പാർട്ടി കടക്കെണിയിൽപ്പെട്ടെന്ന് റിപ്പോർട്ട്. യുഎസ് മാധ്യമമായ പൊളിറ്റിക്കോയുടെ കലിഫോർണിയ ബ്യൂറോ ചീഫ് ക്രിസ്റ്റഫർ കാഡെലാഗോയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ കമല ഹാരിസിന്റെ പ്രചാരണം അവസാനിച്ചത് കുറഞ്ഞത് രണ്ടു കോടി യുഎസ് ഡോളറിന്റെ (20 ദശലക്ഷം – 168.79 കോടി ഇന്ത്യൻ രൂപ) കടത്തിലാണെന്ന വിവരം പുറത്തുവിട്ടത്. ഒക്ടോബർ 16 വരെയുള്ള കണക്ക് പ്രകാരം കമലയുടെ പ്രചാരണ വിഭാഗത്തിന് ഒരു ബില്യൻ (100 കോടി) യുഎസ് ഡോളർ ഫണ്ട് കണ്ടെത്താൻ സാധിച്ചിരുന്നു. ബാങ്ക് അക്കൗണ്ടിൽ 11.8 കോടി യുഎസ് ഡോളർ ഉണ്ടായിരുന്നുവെന്നുമാണ് കാഡെലാഗോ പുറത്തുവിട്ട വിവരം.
കാഡെലാഗോയുടെ വാദം ശരിവച്ച് മറ്റൊരു മാധ്യമമായ ബ്രെയ്ട്ബാർട്ടിന്റെ മാത്യു ബോയിൽ ഉൾപ്പെടെയുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. കമലയുടെ പ്രചാരണ സംഘത്തിൽപ്പെട്ടവരെ അനൗദ്യോഗികമായ ഉദ്ധരിച്ചാണ് ഇവരുടെ വാദം. ഫണ്ട് എത്രയും വേഗം തരപ്പെടുത്താനുള്ള നീക്കത്തിലാണ് കമലയുടെ പ്രചാരണ വിഭാഗത്തിന്റെ ഡപ്യൂട്ടി ക്യാംപെയ്ൻ മാനേജർ റോബ് ഫ്ലാഹെർട്ടിയെന്നാണ് ബോയിൽ പറയുന്നത്. എന്നാൽ യുഎസിലെ പ്രധാനപ്പെട്ട മാധ്യമങ്ങളൊന്നും ഈ വാദം ഏറ്റുപിടിച്ചിട്ടില്ല.
അതേസമയം, കടം വളരെയുയർന്നതിനാൽ തങ്ങളുടെ ശമ്പളത്തിന്റെ കാര്യം എന്താകുമെന്ന ആശങ്കയിലാണ് പ്രചാരണ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ജീവനക്കാർ. മാത്രമല്ല, പരസ്യങ്ങൾക്കും മറ്റുമായി ചെലവഴിച്ച തുക എപ്പോൾ ലഭിക്കുമെന്ന് അറിയാത്ത അവസ്ഥയിലാണ് വെണ്ടർമാരും. അതിനിടെ, കമലയുടെ പ്രചാരണ വിഭാഗത്തെ സഹായിക്കണമെന്ന് അഭ്യർഥിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും രംഗത്തെത്തി. ഇത്രയും പണം കുറഞ്ഞുപോയതിൽ അദ്ദേഹം ആശ്ചര്യം രേഖപ്പെടുത്തുകയും ചെയ്തു. ‘‘ഈ പ്രതിസന്ധി കാലഘട്ടത്തിൽ നമുക്ക് ചെയ്യാനാകുന്നത് അവർക്കു ചെയ്തുകൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. നമുക്ക് ഐക്യം വേണ്ടതിനാൽ പാർട്ടിയായി അവരെ സഹായിക്കണം’’ – ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
ഫെഡറൽ ഇലക്‌ഷൻ കമ്മിഷൻ (എഫ്ഇസി) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബർ പകുതി വരെ കമലയുടെ പ്രചാരണത്തിനായി 100 കോടി ഡോളറിനു മുകളിൽ പിരിച്ചെടുത്തിരുന്നു. ഇതിൽ 89 കോടി യുഎസ് ഡോളർ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനാർഥി ആയിരുന്ന സമയമാണ് ഈ പണം പിരിച്ചെടുത്തത്. ഒക്ടോബറിൽ ട്രംപിന്റെ പ്രചാരണ വിഭാഗത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത് വെറും 3.62 കോടി യുഎസ് ഡോളറായിരുന്നു. അന്ന് ഡെമോക്രാറ്റ് അക്കൗണ്ടിൽ ഉണ്ടായിരുന്നത് 11.8 കോടി യുഎസ് ഡോളറും. ഇതിൽനിന്നാണ് വരവും ചെലവും തമ്മിൽ അനുപാതമില്ലാത്തവിധം കമലയുടെ പ്രചാരണ വിഭാഗം പിന്നോട്ടുപോയത്.
100 കോടി യുഎസ് ഡോളർ പിരിച്ചെടുത്തെങ്കിലും അതുപയോഗിച്ചു പ്രചാരണം കൃത്യമായ ജനവിഭാഗത്തിലേക്ക് എത്താതെപോയതാണ് കമലയുടെ പരാജയത്തിനു കാരണമെന്ന് അവരുടെ പ്രചാരണത്തിന്റെ മുഖ്യ ഫണ്ട് റെയ്സർമാരിലൊരാളായ ഇന്ത്യൻ വംശജൻ അജയ് ജെയ്ൻ ഭുട്ടോറിയ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ‘‘സെലിബ്രിറ്റികളെ കൊണ്ടുവന്നുള്ള പരിപാടികൾ, കൺസേർട്ടുകൾ, പ്രശസ്ത രാഷ്ട്രീയക്കാരുടെ പിന്തുണ തുടങ്ങിയവയൊന്നും പാർട്ടിയും വർധിച്ചുവരുന്ന വിലക്കയറ്റം, വീട്ടുവാടക, ആരോഗ്യ സംവിധാനം തുടങ്ങിയവ അലട്ടുന്ന മധ്യവർഗ അമേരിക്കക്കാരും തമ്മിലുള്ള വിടവുനികത്താൻ സാധിച്ചില്ല. ഡെമോക്രാറ്റുകൾക്ക് ഹോളിവുഡിലെയും മറ്റും സമ്പന്നരായ ദാതാക്കളെ ലഭിച്ചെങ്കിലും നിർണായക വോട്ടർ ഗ്രൂപ്പുകളെ നഷ്ടമായി. പ്രധാന സ്വിങ് സ്റ്റേറ്റുകളായ പെൻസിൽവേനിയ, മിഷനിഗൻ തുടങ്ങിയ ഇടങ്ങളിൽ ഇന്ത്യൻ അമേരിക്കൻ, ഏഷ്യൻ അമേരിക്കൻ, മുസ്‌ലിം – അറബ് അമേരിക്കൻ വംശജർ കമലയെ കൈവിട്ടു. നേരത്തേ ഡെമോക്രാറ്റുകളുടെ ശക്തിയായിരുന്നു ഇന്ത്യൻ അമേരിക്കൻ വംശജരുടെ വിഭാഗം’’ – അദ്ദേഹം കൂട്ടിച്ചേർത്തു.