സർവകലാശാല ക്യാംപസിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവം: ബിരിയാണി കച്ചവടക്കാരൻ പിടിയിൽ
Mail This Article
ചെന്നൈ∙ അണ്ണാ സർവകലാശാല ക്യാംപസിനുള്ളിൽ വിദ്യാർഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ ഒരു പ്രതി പിടിയിൽ. ഗണേശൻ (37) ആണ് പിടിയിലായത്. സർവകലാശാല പരിസരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ഗണേശൻ. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മറ്റു കേസുകളിൽ ഇയാൾ പ്രതിയാണോയെന്ന് പൊലീസ് പരിശോധിക്കുന്നു. രണ്ടാമത്തെ പ്രതിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.
ഗണേശൻ പെൺകുട്ടിയുടെ വിഡിയോ പകർത്തി ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. സർവകലാശാല അധികൃതരും പൊലീസും സുരക്ഷാ കാര്യങ്ങൾ സംബന്ധിച്ച് ചർച്ച നടത്തി. സർവകലാശാലയിലെ സുരക്ഷ വർധിപ്പിച്ചു. രണ്ടാം വർഷ വിദ്യാർഥിനിയാണ് ഇന്നലെ ആക്രമിക്കപ്പെട്ടത്. പെൺകുട്ടിയും ആൺസുഹൃത്തും പള്ളിയിൽ നിന്നും തിരികെയെത്തുമ്പോഴായിരുന്നു സംഭവം. രണ്ടു പേർ ചേർന്നു ആൺസുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷം പെൺകുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
ബലാത്സംഗത്തിനു ശേഷം അക്രമികൾ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 64 (ബലാത്സംഗത്തിനുള്ള ശിക്ഷ) പ്രകാരം കേസ് റജിസ്റ്റർ ചെയ്തതായി കോട്ടൂർപുരം പൊലീസ് പറഞ്ഞു. കോട്ടൂർപുരം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ഭാരതിരാജനും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.