ചെനാബ് നദിക്ക് കുറുകെ പാഞ്ഞ് വന്ദേഭാരത്; ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെ പരീക്ഷണ ഓട്ടം – വിഡിയോ

Mail This Article
ശ്രീനഗർ∙ ചെനാബ് നദിക്ക് കുറുകെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെ കുതിച്ചു പാഞ്ഞ് വന്ദേഭാരത്. ശ്രീനഗറിനും കത്രയിലെ ശ്രീ വൈഷ്ണോ മാതാ റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ചെനാബ് റെയിൽവേ പാലത്തിലൂടെയാണ് വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം ഇന്നു നടത്തിയത്. ഇതിന്റെ വിഡിയോ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സിൽ പങ്കുവച്ചു. കശ്മീരിലെ തണുപ്പ് നിറഞ്ഞ കാലാവസ്ഥയ്ക്കു അനുയോജ്യമായ രീതിയിൽ നിർമിച്ച പ്രത്യേക വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടമാണ് റെയിൽവേ പൂർത്തീകരിച്ചത്. ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേയ്ഡ് റെയിൽവേ പാലമായ അഞ്ചിഘാഡ് പാലത്തിലൂടെയും വന്ദേഭാരത് ഇന്നു പരീക്ഷണ ഓട്ടം നടത്തി.
ജമ്മു കശ്മീരിനെ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിൽ വലിയ ചുവടുവയ്പാണ് ഇന്നു നടന്ന വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം. പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തീകരിച്ച സാഹചര്യത്തിൽ ഇതുവഴിയുള്ള വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് വൈകാതെ നടത്തിയേക്കും. കശ്മീർ താഴ്‌വരയെ വിശാലമായ ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച 272 കിലോമീറ്റർ നീളമുള്ള ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയിലെ സുപ്രധാന ചുവടുവയ്‌പാണ് ചെനാബ് നദിക്കു കുറുകെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ മേൽപാലം.