പന്നുവിന്റെ സിഖ് ഫോർ ജസ്റ്റിസ് പ്രത്യേക രാജ്യം ആവശ്യപ്പെടാൻ പ്രേരിപ്പിച്ചു; ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു

Mail This Article
ന്യൂഡൽഹി∙ ഗുർപട്‌വന്ത് സിങ് പന്നുവിന്റെ നേതൃത്വത്തിലുള്ള നിരോധിത ഖലിസ്ഥാൻ തീവ്രവാദി സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) ന്യൂനപക്ഷങ്ങളെയും മണിപ്പുരിലെ ജനങ്ങളെയും സ്വാധീനിച്ച് രാജ്യത്ത് വിഘടനവാദത്തിനു ശ്രമിച്ചെന്ന് കേന്ദ്രം. മുസ്‍ലിം, തമിഴ് വിഭാഗങ്ങളെയും മണിപ്പുരിലെ ക്രിസ്ത്യൻ വിഭാഗക്കാരെയും പ്രത്യേക രാജ്യം ആവശ്യപ്പെടാൻ സിഖ് ഫോർ ജസ്റ്റിസ് പ്രേരിപ്പിച്ചെന്ന് ഇന്റലിജൻസ് ഏജൻസികളെ ഉദ്ധരിച്ച് കേന്ദ്രം പറയുന്നു. എസ്എഫ്ജെയ്ക്ക് 2020ൽ പ്രഖ്യാപിച്ച വിലക്ക് 5 വർഷത്തേക്കു കൂടി നീട്ടുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗമായുള്ള ട്രൈബ്യൂണൽ വിധിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്കെതിരെ ഭീഷണി എന്നിവയുൾപ്പെടെ എസ്എഫ്ജെ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ടിൽ പറയുന്നു. ‘എസ്എഫ്ജെയുടെ ഇന്ത്യാ വിരുദ്ധ അജൻഡയിലെ പ്രധാന ആയുധം വർഗീയത പറഞ്ഞ് ആളുകളെ ഭിന്നിപ്പിക്കുകയും ന്യൂനപക്ഷ വിഭാഗങ്ങളെ മറ്റു വിഭാഗങ്ങൾക്ക് എതിരാക്കുകയുമാണ്. മണിപ്പുരിലെ ക്രിസ്ത്യൻ വിഭാഗങ്ങളോട് തങ്ങൾക്ക് പ്രത്യേക രാജ്യം വേണമെന്ന് ആവശ്യപ്പെടാൻ എസ്എഫ്ജെ പ്രേരിപ്പിച്ചു, ‘ദ്രാവിഡ്സ്ഥാൻ’ രാജ്യത്തിനായി പ്രവർത്തിക്കാൻ തമിഴ്നാട്ടിലെ ചില സംഘടനകളെയും പ്രത്യേക ഉർദുസ്ഥാൻ വേണമെന്ന് മുസ്‍ലിം വിഭാഗങ്ങളെയും പ്രേരിപ്പിക്കാൻ എസ്എഫ്ജെ ശ്രമിച്ചു. ഇത് കൂടാതെ കർഷക ബില്ലുമായി ബന്ധപ്പെട്ട് ഹരിയാനയിലെയും പഞ്ചാബിലെയും കർഷകരെ പ്രകോപിപ്പിക്കുന്നതിലും ഏതാനും ദളിത് സംഘടനകളോട് തങ്ങൾക്കു വേണ്ടി സഹായം അഭ്യർഥിക്കുന്നതിലും എസ്എഫ്ജെയ്ക്ക് പങ്കുണ്ടായിട്ടുണ്ട്’–റിപ്പോർട്ടിൽ പറയുന്നു.