എബിവിപിയിലൂടെ രാഷ്ട്രീയത്തിലേക്ക്, സുഷമയുടെ പിൻഗാമിയായി രേഖ ഗുപ്ത

Mail This Article
ന്യൂഡൽഹി∙ ബിജെപിയുടെ ഡൽഹിയിലെ നിയുക്ത എംഎൽഎമാരുടെ യോഗത്തിൽ മുഖ്യമന്ത്രി, നിയമസഭാ കക്ഷി നേതൃ പദവിയിലേക്കു രേഖ ഗുപ്തയെ തിരഞ്ഞെടുത്തതോടെ ഡൽഹിയെ നയിക്കാൻ വീണ്ടും വനിതാ മുഖ്യമന്ത്രി എത്തിയിരിക്കുകയാണ്. ബിജെപിയുടെ ദേശീയ നിർവാഹക സമിതി അംഗമായ രേഖ ഗുപ്തയിലൂടെ സുഷമ സ്വരാജിന്റെ പിൻഗാമിയെ കൂടിയാണ് ഡൽഹിയിൽ ബിജെപിയ്ക്കു ലഭിച്ചിരിക്കുന്നത്. നാളെ രാവിലെ 11മണിക്കു ഡൽഹി രാംലീല മൈതാനത്താണ് രേഖ ഗുപ്തയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. ഉപമുഖ്യമന്ത്രിയായി പർവേശ് വർമയും നാളെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും.
1998ൽ സുഷമ സ്വരാജ് 52 ദിവസമാണ് ഡൽഹിയിൽ അധികാരത്തിൽ ഇരുന്നത്. പിന്നീട് പാർലമെന്റിലും രാജ്യമൊട്ടാകെയും മികച്ച പ്രകടനം ബിജെപി കാഴ്ച വച്ചെങ്കിലും രാജ്യ തലസ്ഥാനത്തെ ഭരണം ഒരു സ്വപ്നം മാത്രമായി ബിജെപിക്ക് അവശേഷിച്ചു. 27 വർഷത്തെ ഇടവേളയ്ക്കു ശേഷം തലസ്ഥാനത്ത് അധികാരം തിരിച്ചുപിടിച്ച ബിജെപി ഇപ്പോൾ രേഖ ഗുപ്തയിലൂടെ മറ്റൊരു വനിതയെ തന്നെ തലസ്ഥാനത്തിന്റെ നായക പദവിയിലേക്ക് എത്തിച്ചിരിക്കുകയാണ്. നിലവിൽ ബിജെപിക്ക് രാജ്യത്തുള്ള ഏക വനിത മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത. അൻപതുകാരിയായ രേഖ ഗുപ്ത ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഷാലിമാർ ബാഗ് നിയോജകമണ്ഡലത്തിൽ നിന്നാണ് 29,595 വോട്ടുകൾക്കു എഎപിയുടെ ബന്ദനാ കുമാരിയെ പരാജയപ്പെടുത്തിയത്. 2020, 2015 തിരഞ്ഞെടുപ്പുകളിൽ രേഖ ഗുപ്ത, ബന്ദനാ കുമാരിയോട് പരാജയപ്പെട്ടിരുന്നു.
1992 ൽ ഡൽഹി സർവകലാശാലയിലെ ദൗലത്ത് റാം കോളേജിൽ പഠിക്കവെ എബിവിപിയിലൂടെയാണ് രേഖ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1996-97 ൽ, ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ (ഡിയുഎസ്‌യു) പ്രസിഡന്റായി. 2007ൽ, നോർത്ത് പിതംപുരയിൽനിന്ന് കോർപറേഷൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. കൗൺസിലറായി പ്രവർത്തിക്കവെ സാമ്പത്തികമായി പിന്നാക്ക അവസ്ഥയിൽ നിൽക്കുന്ന വിദ്യാർഥിനികളെ പ്രോത്സാഹിപ്പിക്കാൻ ‘സുമേധ യോജന’ പദ്ധതി ആരംഭിച്ചു. കോർപ്പറേഷനിലെ വനിതാ ക്ഷേമ, ശിശു വികസന സമിതിയുടെ ചെയർപഴ്‌സൻ എന്ന നിലയിൽ, ഡൽഹിയിലെ സ്ത്രീ ശാക്തീകരണത്തിനായുള്ള സംരംഭങ്ങൾക്കും രേഖ നേതൃത്വം നൽകി.
തുടർന്ന് ബിജെപി മഹിളാ മോർച്ചയുടെ ഡൽഹി ജനറൽ സെക്രട്ടറിയായും ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും രേഖ തിരഞ്ഞെടുക്കപ്പെട്ടു. 1974 ൽ ഹരിയാനയിലെ ജുലാനയ്ക്കു സമീപം നന്ദ്ഗഡ് ഗ്രാമത്തിലാണ് രേഖയുടെ ജനനം. പിതാവ് എസ്ബിഐയിൽ ഓഫിസറായിരുന്നു. 1976 ൽ രേഖയ്ക്ക് രണ്ട് വയസ്സുള്ളപ്പോൾ അവരുടെ കുടുംബം ഡൽഹിയിലേക്ക് താമസം മാറി. ഡൽഹിയിൽ തന്നെയായിരുന്നു രേഖയുടെ വിദ്യാഭ്യാസം.