ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയിലെ വോട്ടെടുപ്പിൽ ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് യുഎസ് നൽകിവന്ന 2.1 കോടി ഡോളറിൽ (ഏകദേശം 181.96 കോടി രൂപ) വിവാദം തുടരുന്നു. വിഷയത്തിൽ കോൺഗ്രസും ബിജെപിയും ആരോപണങ്ങളുമായി നേർക്കുനേർ രംഗത്തെത്തി. ഇന്ത്യയ്ക്ക് യുഎസ് ഫണ്ട് ലഭിച്ചതിൽ യുഎസ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡവലപ്മെന്റ് (യുഎസ്എഐഡി)  ഇന്ത്യ മിഷന്‍ ഡയറക്ടറായിരുന്ന വീണാ റെഡ്ഡിയെയും ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാര്‍സെറ്റിയെയും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗവും മുതിര്‍ന്ന അഭിഭാഷകനുമായ മഹേഷ് ജഠ്മലാനി രംഗത്തെത്തിയതോടെയാണു വിവാദം സജീവമായത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് യുഎസ്എഐഡി ഇന്ത്യയില്‍ നടപ്പാക്കിയ ‘വോട്ടര്‍ വോട്ടിങ്’ പദ്ധതി അന്വേഷിക്കണമെന്നാണ് ജഠ്മലാനിയുടെ ആവശ്യം.

2021 ജൂലൈയില്‍ യുഎസ്എഐഡി ഇന്ത്യ മിഷന്‍ ഡയറക്ടറായി ചുമതലയേറ്റ വീണാ റെഡ്ഡി, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം സ്ഥാനം രാജിവച്ച് യുഎസിലേക്കു തിരിച്ചുപോയി. യുഎസ്എഐഡിയുടെ പോളിങ് വർധിപ്പിക്കാനുള്ള ഫണ്ടും വീണയുടെ രാജിയും സംശയാസ്പദമാണെന്ന് ജഠ്മലാനി ആരോപിച്ചു. യുഎസ്എഐഡി 21 ദശലക്ഷം ഡോളര്‍ ‘വോട്ടര്‍ വോട്ടിങ്’ പദ്ധതിക്കായി ഇന്ത്യയ്ക്ക് അനുവദിച്ചതായി വെളിപ്പെടുത്തൽ വന്നതോടെയാണു വിവാദമായത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ അനധികൃത സ്വാധീനം ചെലുത്തുന്നതിനായി ഈ ഫണ്ട് ഉപയോഗിച്ചോ എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നും ജഠ്മലാനി ആവശ്യപ്പെട്ടിരുന്നു.

നേരത്തേ, വീണാ റെഡ്ഡിയുടെ നേതൃത്വത്തില്‍ യുഎസ്എഐഡി ഇന്ത്യയില്‍ ആരോഗ്യം, കോവിഡ് പ്രതിരോധം, ശുദ്ധമായ ഊര്‍ജം, പരിസ്ഥിതി സംരക്ഷണം, സമഗ്ര സാമ്പത്തിക വളര്‍ച്ച തുടങ്ങിയ മേഖലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. ഇതിനിടെയാണ് പോളിങ് വർധിപ്പിക്കാനുള്ള ഫണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയ ഇടപെടല്‍ നടന്നുവെന്ന ആരോപണം വീണാ റെഡ്ഡിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. രാജ്യത്തെ ചില പ്രവർത്തനങ്ങൾക്കു യുഎസ് സർക്കാരിന്റെ ഫണ്ട് (യുഎസ്എഐഡി) ലഭിച്ചിരുന്നെന്ന വെളിപ്പെടുത്തൽ ആശങ്കപ്പെടുത്തുന്നതാണെന്നു വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു. രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ വിദേശ ഇടപെടലുണ്ടായിട്ടുണ്ടെന്ന വിവരങ്ങൾ ആശങ്കയ്ക്കു കാരണമായിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

English Summary:

‘Who this money was given to…,’ How USAID’s ex-India Chief Veena Reddy landed in $21 million funding row

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com