വൈറ്റ് ഹൗസിന് സമീപം വെടിയുതിർത്ത് യുവാവ്, ഏറ്റുമുട്ടൽ; ട്രംപ് ഫ്ലോറിഡയിൽ

Mail This Article
വാഷിങ്ടൻ ∙ വൈറ്റ് ഹൗസിനു സമീപം വെടിയുതിർത്ത യുവാവിനെ സുരക്ഷ ഉദ്യോഗസ്ഥർ കീഴ്‌പ്പെടുത്തി. സായുധ ഏറ്റുമുട്ടലിൽ ഉദ്യോഗസ്ഥർക്കു പരുക്കില്ലെന്നാണു വിവരം. വെടിയേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സംഭവ സമയത്തു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫ്ലോറിഡയിലായിരുന്നു.
വൈറ്റ് ഹൗസിന്റെ പടിഞ്ഞാറ് വശത്തുള്ള ഐസന്‍ഹോര്‍ എക്‌സിക്യൂട്ടീവ് ഓഫിസ് കെട്ടിടത്തിനു സമീപമായിരുന്നു ഏറ്റുമുട്ടല്‍. ആത്മഹത്യപ്രവണതയുള്ള ഒരാൾ വാഷിങ്ടനിൽനിന്നും ഇന്ത്യാനയിലേക്കു പോകുന്നതായി രഹസ്യാനേഷണ ഉദ്യോഗസ്ഥർക്കു പ്രാദേശിക പൊലീസ് മുന്നറിയിപ്പു നൽകിയിരുന്നു.
തുടർന്നു നടത്തിയ പരിശോധനയിൽ ഈ വ്യക്തിയുടെ വാഹനം വൈറ്റ് ഹൗസിനു സമീപം കണ്ടെത്തി. ഇയാളുടെ അടുത്തേക്കു നീങ്ങിയ ഉദ്യോഗസ്ഥർക്കു നേരെ തോക്ക് ചൂണ്ടി വെടിയുതിർത്തെന്നാണു റിപ്പോർട്ട്. പിന്നാലെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ വെടിയുതിർത്തു. സംഭവത്തെപ്പറ്റി കൊളംബിയയിലെ മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്‌മെന്റ് അന്വേഷണം നടത്തും.