ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അവധി ആഘോഷത്തിനിടെ ഇന്ത്യൻ വിദ്യാർഥിനിയെ കാണാതായി; അവസാനം കണ്ടത് കടൽതീരത്ത്

Mail This Article
സാന്റോ ഡൊമിങ്കോ ∙ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ അവധി ആഘോഷത്തിനിടെ കാണാതായ ഇന്ത്യൻ വിദ്യാർഥിനിക്കായി അന്വേഷണം പുരോഗമിക്കുന്നു. യുഎസിലെ പിറ്റ്സ്ബർഗ് സർവകലാശാല വിദ്യാർഥിനിയായ ഇരുപതുകാരിയായ സുദീക്ഷ കൊണങ്കിയെയാണ് ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റ കന കടൽത്തീരത്തു വച്ചു കാണാതായത്. സുദീക്ഷയെ കാണാതായതിനെ തുടർന്ന് അധികൃതർ വ്യാപകമായ തിരച്ചിലാണ് നടത്തുന്നത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഇന്ത്യൻ എംബസിയും യുഎസ് അധികൃതരും വിദ്യാർഥിനിക്കായുള്ള അന്വേഷണത്തിലാണ്.
സുദീക്ഷയെ മാർച്ച് 6നു പുലർച്ചെ 4 മണിയോടെയാണ് പുന്റ കന തീരത്തെ റിയു റിപ്പബ്ലിക്ക ഹോട്ടലിനു സമീപത്തു വച്ച് അവസാനമായി കണ്ടത്. അഞ്ച് സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങുന്ന ഒരു സംഘത്തോടൊപ്പം സുദീക്ഷ കടൽത്തീരത്ത് ഉണ്ടായിരുന്നുവെന്നു പൊലീസ് വൃത്തങ്ങൾ പറയുന്നു. സുദീക്ഷയുടെ കുടുംബവുമായി അധികൃതർ ബന്ധപ്പെട്ടിട്ടുണ്ടെന്ന് പിറ്റ്സ്ബർഗ് സർവകലാശാല വക്താവ് സ്ഥിരീകരിച്ചു.
ഡൊമിനിക്കൻ സിവിൽ ഡിഫൻസ് ടീമുകൾ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചുള്ള തിരച്ചിൽ നടത്തിയെങ്കിലും സുദീക്ഷയെ കുറിച്ചുള്ള യാതൊരു സൂചനയും ലഭിച്ചിട്ടില്ല. സംഭവത്തിൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കാണാതാകുമ്പോൾ അവർ തവിട്ട് നിറത്തിലുള്ള ബിക്കിനിയാണ് ധരിച്ചിരുന്നത്. വലതുകൈയിൽ മഞ്ഞയും സ്റ്റീലും നിറമുള്ള ഒരു കൈ ചെയിൻ ധരിച്ചിരുന്നു.
സുദീക്ഷയുടെ കുടുംബം 2006 മുതൽ യുഎസിൽ സ്ഥിര താമസക്കാരാണ്. ഡൊമിനിക്കൻ റിപ്പബ്ലിക്ക് സർക്കാരുമായി ആശയവിനിമയം നടത്തിയെന്നും അന്വേഷണത്തിനായുള്ള പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു.