മൂന്നാം ലോക യുദ്ധവുമായി ചൂതാട്ടമെന്ന് സെലെൻസ്കിയോട് ട്രംപ്, ആണവായുധപ്പേടിയിൽ ലോകം; അമ്പരപ്പിക്കുന്ന കണക്കുകൾ

Mail This Article
അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നടത്തിയ ചൂടേറിയ ചർച്ച ഓർമയുണ്ടാകുമല്ലോ?. ട്രംപ് അപ്പോൾ നല്‍കിയ മുന്നറിയിപ്പ് തന്നെ, 'മൂന്നാം ലോക മഹായുദ്ധം വച്ചാണ് സെലെൻസ്കി ചൂതാട്ടം നടത്തുന്നത്' എന്നായിരുന്നു. റഷ്യ-യുക്രെയ്ന്‍ പോരാട്ടം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്നോട്ടുവച്ച സമാധാന ശ്രമം അംഗീകരിക്കാത്തതിനാലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്.
ഇതോടെ രാജ്യാന്തര തലത്തില്‍ ഒരു യുദ്ധ സാധ്യത രൂപപ്പെട്ട് വരുന്നുണ്ടോയെന്നൊരു സന്ദേശം പല വിശകലനവിദഗ്ധരെയും പിടികൂടി. മൂന്നാം ലോക യുദ്ധമെങ്ങാനും പൊട്ടിപ്പുറപ്പെട്ടാല്‍ ആണവായുധ പ്രയോഗത്താല്‍ മനുഷ്യരാശി തകർന്നടിയില്ലേയെന്ന പേടി വര്‍ദ്ധിക്കുകയാണെത്രെ. ആണവ ശക്തികളായ ചില രാജ്യങ്ങള്‍ നിശബ്ദമായി ആണവായുധങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഭീതിക്ക് നിദാനം. അങ്ങനെയാണ് നിലവില്‍ വിവിധ രാജ്യങ്ങള്‍ കൈവശം വച്ചിരിക്കുന്ന ആണവായുധങ്ങളുടെ കണക്കുകളും മറ്റും പരിശോധിക്കാന്‍ ഇടവന്നത്.

യുദ്ധത്തിനും തയാറാണ് എന്ന് ചൈനയും
ബിസിനസ് ഇടപാടുകളില്‍ കൂടുതല്‍ ചുങ്കം ചുമത്തും എന്ന് ട്രംപ് പ്രഖ്യാപിച്ചത് വാണിജ്യ യുദ്ധത്തിന് ആക്കം വര്‍ദ്ധിപ്പിച്ചേക്കും എന്ന് തോന്നിപ്പിക്കുന്ന കാര്യമായിരുന്നു. ഈ പ്രസ്താവനയാണ് ചൈന തിരിച്ചടിച്ചത്, വാണിജ്യ യുദ്ധത്തിനു മാത്രമല്ല മറ്റേതു തരത്തിലുള്ള യുദ്ധത്തിനും സജ്ജമാണ് എന്ന് പറഞ്ഞായിരുന്നു.
റഷ്യയെ പരാജയപ്പെടുത്താനുള്ള ശേഷിയുണ്ട് എന്ന കാര്യമായിരുന്നു യൂറോപ്യന്‍ രാജ്യങ്ങളുടെ മേധാവികള്‍ പരസ്യമായി ചര്‍ച്ച ചെയ്തത്. യൂറോപ് ഒറ്റക്കെട്ടായി നിന്നാല്‍ റഷ്യയ്‌ക്കെതിരെ യുദ്ധമോ സാമ്പത്തിക യുദ്ധമോ ഒക്കെ ജയിക്കാം. കാരണം 'നമ്മള്‍ വളരെ കരുത്തുറ്റവരാണെന്നാണ്' പോളണ്ട് പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്‌ക് യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്കിയോട് ഇയു സമ്മേളനത്തിന് മുന്നോടിയായി നടത്തിയ സംഭാഷണത്തില്‍ പറഞ്ഞത്.
ശാന്തി നിലനില്‍ക്കേണ്ടത് ആവശ്യം
ഗവേഷകര്‍ പറയുന്നത് ഇപ്പോള്‍ ഏകദേശം 3,900 ആണവ ബോംബുകള്‍ പോർമുനയായ മിസൈലുകളുണ്ടെന്നാണ്. പക്ഷേ ലോകം മൊത്തത്തില്‍ നശിപ്പിച്ചെടുക്കാന്‍ ഇത്രയും ബോംബുകളൊന്നും ഒരിക്കലും വേണ്ടിവരില്ലെന്നാണ് കരുതുന്നത്. മിഷിഗണ്‍ ടെക് 2018ല്‍ നടത്തിയ വിലയിരുത്തലില്‍ പറഞ്ഞത് ഏകദേശം ഒരു നൂറ് ആണവ ബോംബുകള്‍ വീഴ്ത്തിയാല്‍ത്തന്നെ ജനസമൂഹങ്ങളെ മുഴുവന്‍ തകര്‍ത്തെറിയാന്‍ സാധിച്ചേക്കുമെന്നാണ്.

ഏതെങ്കിലും ഒരു രാജ്യം മാത്രം 100 ആണവായുധങ്ങള്‍ പ്രയോഗിച്ചാല്‍ (മറ്റൊരു രാജ്യവും തിരിച്ചടിച്ചില്ലെങ്കില്‍ പോലും) അതുണ്ടാക്കാന്‍ പോകുന്ന പാരിസ്ഥിതികാഘാതം മൂലം സ്വന്തം രാജ്യത്തെ പൗരന്മാരും കൊല്ലപ്പെടും. സ്വന്തം രാജ്യം നടത്തുന്ന ആണവാക്രമണത്തിന്റെ പ്രത്യാഘാതം മാത്രം മതി ആ രാജ്യത്തെ പൗരന്മാരെയും വകവരുത്താനെന്നും അതിനാല്‍ തന്നെ ശാന്തി നിലനില്‍ക്കുന്നതാണ് മനുഷ്യരാശിക്ക് നല്ലതെന്നുമുള്ള സന്ദേശമാണ് ഗവേഷകര്‍ ഇപ്പോള്‍ നല്‍കുന്നത്.
ആണവായുധങ്ങളുടെ എണ്ണം
കഴിഞ്ഞ 40 വര്‍ഷത്തിനിടയ്ക്ക് ചൈന, പാക്കിസ്ഥാന്‍, ഇന്ത്യ, ഇസ്രയേല്‍, ഉത്തര കൊറിയ എന്നീ അഞ്ചു രാജ്യങ്ങളാണ് തങ്ങളുടെ കൈവശമുള്ള ന്യൂക്ലിയര്‍ വാര്‍ഹെഡുകളുടെ എണ്ണം 700 കടത്തിയിരിക്കുന്നതെന്നാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
അതിനു പുറമെ, മൂന്ന് രാജ്യങ്ങള്‍ യുദ്ധമെങ്ങാനും ഉണ്ടായാല്‍ തങ്ങളുടെ കരുത്തു കാട്ടാനായി ആണവായുധങ്ങള്‍ ഉണ്ടാക്കി കൂട്ടിക്കൊണ്ടിരിക്കുകയാണ് എന്നാണ്, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്‌സ് (എഫ്എഎസ്) 2024ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആണവ പരീക്ഷണങ്ങള്‍ എന്നന്നേക്കുമായി നിരോധിക്കാനുളള ഉടമ്പടി കൊണ്ടുവരാനുള്ള ശ്രമം ഇപ്പോള്‍ നിശ്ചലമായിരിക്കുകയാണ് എന്നതിനാല്‍ റഷ്യയും ചൈനയും തങ്ങളുടെ ആണവായുധപ്പുരകള്‍ക്ക് അടുത്ത് പുതിയ കെട്ടിടങ്ങള്‍ പണിതുകൊണ്ടിരിക്കുകയാണ്, എന്ന് യുഎസ് നാഷണല്‍ സെക്യുരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (എന്‍എന്‍എസ്എ) പോലെയുള്ള ഗ്രൂപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു.
അതിനിടയില്‍, കഴിഞ്ഞ മാസം അമേരിക്കന്‍ ഗവണ്‍മെന്റും തങ്ങള്‍ രഹസ്യ ഭൂഗര്‍ഭ സംവിധാനങ്ങളില്‍ ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കുകയാണ് എന്ന് പ്രഖ്യാപിച്ചു. എഫ്എഎസ് 2024ല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒമ്പതു രാജ്യങ്ങളിലായി 12,121 ന്യൂക്ലിയര്‍ വാര്‍ഹെഡുകളാണ് ഉള്ളത്.
ലോകത്തുള്ള ആണവായുധങ്ങളില്‍ 88 ശതമാനവും അമേരിക്കയുടെയും റഷ്യയുടെയും കൈയ്യിലാണ്. എന്നാല്‍, റഷ്യയ്ക്ക് അമേരിക്കയുടേതിനേക്കാള്‍ നൂറുകണക്കിന് ആണവായുധങ്ങള്‍ കൂടുതലുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. റഷ്യയുടെ കൈയ്യില്‍ ഏകദേശം 5,580 ന്യൂക്ലിയര്‍ ബോംബ് ഉണ്ടെന്നാണ് കണക്ക്. അമേരിക്കക്ക് 5,044 എണ്ണവും. ബാക്കിയുള്ള 1,500 ആണവ ബോംബുകള്‍ ഉള്ളത് ചൈന, ഫ്രാന്‍സ്, ഇന്ത്യ, ഉത്തര കൊറിയ, പാക്കിസ്ഥാന്‍, യുകെ എന്നീ രാജ്യങ്ങളുടെ അധീനതയിലാണ്.
എഫ്എഎസ് പുറത്തുവിട്ട കണക്കു പ്രകാരം 5 രാജ്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു എന്നു കരുതുന്ന ആണവായുധങ്ങളുടെ എണ്ണം ഇപ്രകാരമാണ്(എഫ്എഎസ് വിവിധ ലേഖനങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ വിലയിരുത്തലുകൾ മാത്രമാണ്)
ചൈന-224 മുതല്‍ 500 വരെ
ഇന്ത്യ 0-172 വരെ
പാക്കിസ്ഥാന്‍ 0-170 വരെ
ഇസ്രായേല്‍ 44-90 വരെ
ഉത്തര കൊറിയ 0-50 വരെ
അമേരിക്കയുടെയും, റഷ്യയുടെയും, ബ്രിട്ടന്റെയും, ഫ്രാന്‍സിന്റെയും കൈവശമുള്ളതില്‍ 2,100 വാര്‍ഹെഡുകള്‍ ചെറിയ സമയത്തിനുള്ളില്‍ പ്രയോഗിക്കാന്‍ സജ്ജമാണെന്നും പറയുന്നു.ലോകത്തുള്ള ഒരു രാജ്യവും തങ്ങളുടെ കൈവശമുളള ആണവായുധങ്ങളുടെ കണക്ക് പുറത്തുവിടില്ല. അതിനാല്‍തന്നെ തങ്ങളുടെ കണക്കുകള്‍ സാധ്യകള്‍ കണക്കിലെടുത്തുള്ള ഒരു ഊഹമാണെന്ന് എഫ്എഎസ് പറയുന്നു. എന്നാല്‍, ഇതിനെ പൂര്‍ണ്ണമായും ഊഹാപോഹമെന്നു പറഞ്ഞ് തള്ളിക്കളയാനുമാവില്ല.
വിവര ശേഖരണത്തിന് ആശ്രയിച്ചത് പൊതുവായി ലഭ്യമായ ഡേറ്റ, ചരിത്രത്തില്‍ രേഖപ്പെടുത്തിവച്ചിരിക്കുന്ന കാര്യങ്ങള്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ വഴി ചോര്‍ന്നു ലഭിച്ച വിവരങ്ങള്‍ എന്നിവയാണ് എന്നും എഫ്എഎസ് പറയുന്നു.
റഷ്യയും അമേരിക്കയും കാലപ്പഴക്കം നേരിടുന്ന ഏകദേശം 2,500 ന്യൂക്ലിയര്‍ വാര്‍ഹെഡുകള്‍ നശിപ്പിച്ചുകളയാന്‍ ഒരുങ്ങുകയായിരിക്കാം. ഇതൊക്കെയാണെങ്കിലും ഗവണ്‍മെന്റുകള്‍ തങ്ങളുടെ കൈവശമുള്ള ആണവായുധങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ നിശബ്ദത തുടരുകയുമാണ്.