നടത്തിയത് ആഴ്ചകൾ നീണ്ട തയാറെടുപ്പ്, ഹോസ്റ്റൽ പൂർണമായും വളഞ്ഞു; ആ കാഴ്ച പൊലീസിനെ അമ്പരപ്പിച്ചു!

Mail This Article
കൊച്ചി ∙ കളമശേരിയിലെ കോളജ് ഹോസ്റ്റലില്‍നിന്നു 2 കിലോഗ്രാം കഞ്ചാവ് പിടികൂടിയത് പൊലീസിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. റെയ്ഡിനു ശേഷം പുറത്തിറങ്ങിയ നാർക്കോട്ടിക് സെൽ എസിപി അബ്ദുൾ സലാം ഇക്കാര്യം തുറന്നുപറയുകയും ചെയ്തിരുന്നു. ചെറിയ അളവിൽ ലഹരി വസ്തുക്കൾ ഉണ്ടായേക്കാമെന്നു കരുതിയെങ്കിലും ഇത്രയും ഉണ്ടാകുമെന്നു തീരെ പ്രതീക്ഷിച്ചില്ല എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. കുറച്ചു നാളുകളായി കളമശേരിയും പരിസര പ്രദേശങ്ങളും ലഹരി വിൽപ്പനയുടെ കേന്ദ്രമാകുന്നു എന്ന പരാതിയും പൊലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ മാസം മാത്രം കളമശേരി പൊലീസ് സ്റ്റേഷനിൽ ലഹരിയുമായി ബന്ധപ്പെട്ടുണ്ടായത് 25ലേറെ കേസുകളാണ്.
ആഴ്ചകളോളം നിരീക്ഷിക്കുകയും സർവ തയാറെടുപ്പുകളും പൂർത്തിയാക്കുകയും ചെയ്ത ശേഷമായിരുന്നു നാർക്കോട്ടിക് സെല്‍, ഡാൻസാഫ്, കളമശേരി, തൃക്കാക്കര പൊലീസ് സംഘങ്ങൾ ഹോസ്റ്റലിൽ റെയ്ഡ് നടത്തിയത്. പോളി ടെക്നിക് കോളജും, ഹോസ്റ്റലും കേന്ദ്രീകരിച്ച് മുൻപും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഉയർന്നിട്ടുണ്ട്. കോളജ് അധികൃതരും പൊലീസും കഴിഞ്ഞ 6 മാസത്തോളമായി ഇക്കാര്യത്തിൽ പരിഹാരം കാണാൻ ശ്രമിക്കുന്നുമുണ്ട്. ഇതിന്റെ ഭാഗമായി കോളജിലും പരിസരങ്ങളിലും ഡാൻസാഫിന്റെ ഷാഡോ ടീം ഉണ്ടാകാറുമുണ്ട്. ആഘോഷങ്ങൾ നടക്കുന്ന സമയം കോളജ് അധികൃതർ സ്പെഷൽ ബ്രാഞ്ചിനെ അറിയിക്കുന്നതും പതിവാണ്. ഇതിനിടെയാണ് ഹോളി ആഘോഷം വരുന്നതും പൊലീസിന് നിർണായകമായ ചില വിവരങ്ങൾ കിട്ടുന്നതും.
ഹോസ്റ്റലിലെ ലഹരി ഇടപാടിനെ കുറിച്ച് പൊലീസിന് നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെ ഇവിടുത്തെ പൂർവവിദ്യാർഥികളായ 2 പേരെ ലഹരി കേസിൽ പൊലീസ് ഒരാഴ്ച മുൻപ് പിടികൂടുകയും ചെയ്തു. ഹോളിയോട് അനുബന്ധിച്ച് ഹോസ്റ്റലിൽ പണപ്പിരിവു നടക്കുന്നതായി ലഭിച്ച വിവരത്തിൽ പൊലീസ് തുടർ അന്വേഷണം നടത്തി. പിന്നാലെ കോളജ് അധികൃതരുമായി ബന്ധപ്പെട്ട് റെയ്ഡിന്റെ കാര്യം രേഖാമൂലം അറിയിക്കുകയും ചെയ്തു. അതിനുശേഷമാണ് വലിയ സംഘം ഹോസ്റ്റലിൽ എത്തിയത്. ഹോസ്റ്റൽ പൂർണമായി വളഞ്ഞ സംഘം മുന്നിലൂടെയും ടെറസ് വഴിയുമെല്ലാം അകത്തെത്തി എല്ലാ മുറികളിലും പരിശോധന നടത്തുകയായിരുന്നു.
ഒന്നാം നിലയിലെ ജി–11 മുറിയിലെ കാഴ്ചയാണ് സംഘത്തെ അമ്പരപ്പിച്ചത്. പൊട്ടിക്കാതെ, വളരെ ‘പ്രഫഷണലായി’ പായ്ക്ക് ചെയ്ത 1.909 കിലോഗ്രാം കഞ്ചാവ് അലമാരയിൽനിന്ന് കിട്ടി. കൊല്ലം കുളത്തൂപ്പുഴ വില്ലുമല സ്വദേശി എം.ആകാശും (21) മറ്റു രണ്ടു പേരുമാണ് ഇവിടെ താമസിക്കുന്നത്. ഇവിടെയുണ്ടായിരുന്ന രണ്ടു പേർ ഹോസ്റ്റലിൽനിന്നു ഓടി രക്ഷപെട്ടു എന്നാണ് കരുതുന്നത്. കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസ്, ചെറിയ അളവിൽ നിറയ്ക്കാനുള്ള പൗച്ച് എന്നിവ കൂടി കണ്ടതോടെ വിദ്യാർഥികൾക്കിടയിലെ വിൽപ്പന തന്നെയായിരുന്നു ലക്ഷ്യം എന്ന നിഗമനത്തിൽ പൊലീസ് എത്തുകയായിരുന്നു.
ഹോസ്റ്റലിന്റെ രണ്ടാം നിലയിലുള്ള എഫ്–39 മുറിയിൽ നടത്തിയ റെയ്ഡിൽ 9.70 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തതെന്നും ഹരിപ്പാട് വെട്ടുവേണി സ്വദേശി ആദിത്യൻ (20), കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് സ്വദേശി ആർ.അഭിരാജ് (21) എന്നിവരുടെ സാന്നിധ്യത്തിലാണ് ഇത് കണ്ടെടുത്തതെന്നും പൊലീസ് പറയുമ്പോൾ അത് നിഷേധിക്കുകയാണ് അഭിരാജ്. റെയ്ഡ് വിവരമറിഞ്ഞാണ് താൻ എത്തിയത് എന്നും പൊലീസ് ഭീഷണിപ്പെടുത്തി കേസിൽ കുടുക്കുകയായിരുന്നു എന്നുമാണ് അഭിജിത് പറയുന്നത്. ആകാശ് കെഎസ്‍യു പ്രവർത്തകനാണെന്ന വാദമുയർത്തി എസ്എഫ്ഐ രംഗത്തെത്തുകയും ചെയ്തു. കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയെ തന്നെ കേസിൽ അറസ്റ്റ് ചെയ്തത് മറയ്ക്കാൻ നോക്കുകയാണ് എസ്എഫ്ഐ എന്നാണ് വിഷയത്തിൽ കെഎസ്‍യുവിന്റെ പ്രതികരണം. കലാലയങ്ങളിൽ ഉൾപ്പെടെ സംസ്ഥാനത്തെ ലഹരി വ്യാപനം സംബന്ധിച്ച് ഭരണ, പ്രതിപക്ഷ ഏറ്റുമുട്ടൽ വരും ദിവസങ്ങളിൽ വർധിപ്പിക്കാനും കളമശേരി പോളിടെക്നിക് ഹോസ്റ്റലിലെ റെയ്ഡ് കാരണമാകുമെന്ന് ഉറപ്പ്.