പിഎസ്‌സി മാനുവൽ രഹസ്യ രേഖയല്ല, പകർപ്പ് നൽകണം: വിവരാവകാശ കമ്മിഷൻ

Mail This Article
തിരുവനന്തപുരം∙ പബ്ലിക് സർവീസ് കമ്മിഷന്റെ ഓഫിസ് മാനുവലും റിക്രൂട്ട്മെന്റ് മാനുവലും രഹസ്യ രേഖയല്ലെന്നും അവ ആവശ്യപ്പെടുന്നവർക്ക് വായനയ്ക്കും, സാക്ഷ്യപ്പെടുത്തിയ പകർപ്പും നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ. പിഎസ്‌സിയുടെ പ്രവർത്തനത്തിലെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നതിനാൽ അവ നൽകാൻ കഴിയില്ലെന്ന വിശദീകരണം തള്ളിയാണ് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.അബ്ദുൽ ഹക്കീം ഉത്തരവിറക്കിയത്.
ചോദ്യപ്പേപ്പര്‍ സൂക്ഷിക്കുന്ന വിധം, ഉത്തരക്കടലാസുകൾ കൈകാര്യം ചെയ്യുന്ന രൂപം തുടങ്ങി സ്വാഭാവികമായി സംരക്ഷിക്കേണ്ട രഹസ്യ വിവരങ്ങൾ ഒഴികെയുള്ളവയെല്ലാം പൗരന്മാർക്ക് അറിയാൻ അവകാശമുണ്ടെന്നും അത് നിഷേധിക്കരുതെന്നും കമ്മിഷണർ നിർദേശിച്ചു. പിഎസ്‌സിയുടെ പ്രവർത്തനങ്ങൾ സുതാര്യമായിരുന്നാൽ മാത്രം പോര, അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം.
കോഴിക്കോട് പയ്യോളി നമ്പൂരിമഠത്തിൽ എൻ.എം.ഷനോജ് കോഴിക്കോട് ജില്ലാ ഓഫിസിൽ നൽകിയ ഹർജി അവിടെനിന്നു തിരുവനന്തപുരം ആസ്ഥാനത്തേക്ക് അയച്ചിരുന്നു. അത് നിഷേധിച്ചതിനെത്തുടർന്ന് വിവരാവകാശ കമ്മിഷന് സമർപ്പിച്ച അപ്പീൽ അനുവദിച്ചാണ് കമ്മിഷണറുടെ ഉത്തരവ്.
ഇതുപ്രകാരം അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ഇന്ത്യൻ വിവരാവകാശ നിയമം വകുപ്പ് 10,10(2) എ,ബി എന്നിവയുടെ അനുമതിക്കനുസരിച്ച് തരംതിരിച്ച ശേഷം നൽകണം. നൽകാത്ത വിവരങ്ങൾ ഏതൊക്കെ മേഖലയെ സംബന്ധിച്ചുള്ളതാണെന്നും ഹർജി കക്ഷിയെ അറിയിക്കണം. ഉത്തരവ് നടപ്പിലാക്കി നടപടി റിപ്പോർട്ട് പിഎസ്‌സി വിവരാവകാശ കമ്മിഷന് സമർപ്പിച്ചു.