ADVERTISEMENT

ന്യൂഡൽഹി∙ ആശാ വർക്കർമാരുടെ ഇൻസന്റീവ് വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശമാരുടെ സമരവുമായി ബന്ധപ്പെട്ട് നഡ്ഡയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണാ ജോർജ്.

‘‘ആശമാരുടെ പൊതുവായ പ്രശ്നങ്ങൾ മന്ത്രി വിശദമായി കേട്ടു. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ അഭ്യർഥനകൾ അദ്ദേഹത്തെ അറിയിച്ചു. ഇൻസെന്റീവ് വർധിപ്പിക്കുന്നതും ആശമാരെ തൊഴിൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങൾ മന്ത്രിയുമായി സംസാരിച്ചു. ഇൻസെന്റീവ് വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും അതു പരിശോധിക്കുന്നുണ്ടെന്നുമാണ് മന്ത്രി അറിയിച്ചത്.

മാർച്ച് 19നാണ് മന്ത്രിയെ കാണാൻ അനുമതി തേടിയിരുന്നത്. ആ സമയം അദ്ദേഹത്തിന് തിരക്കായതിനാലാണ് കാണാൻ കഴിയാതിരുന്നത്. തുടർന്ന് ഇന്നത്തേക്ക് കൂടിക്കാഴ്ച നിശ്ചയിക്കുകയായിരുന്നു.

ആശമാരുടെ പ്രശ്നം, 2023–24ലെ ഫണ്ട് കുടിശ്ശിക ലഭ്യമാക്കൽ‌, കാസർകോടും വയനാടും മെഡിക്കൽ കോളജുകൾ ആരംഭിക്കുന്നതിനുള്ള പിന്തുണ, ഓൺലൈൻ ഡ്രഗ്സ് വിൽപന എന്നിങ്ങനെ നാല് വിഷയങ്ങളാണ് മന്ത്രിയുമായി സംസാരിച്ചത്. മന്ത്രിയുടെ മറുപടിയിൽ പ്രതീക്ഷയുണ്ടെന്നും വീണാ ജോർജ് പറഞ്ഞു. കേരളത്തിന് എയിംസിന്റെ കാര്യവും മന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. അനുകൂല നിലപാടാണ് കേന്ദ്ര മന്ത്രിയും സ്വീകരിച്ചതെന്നും വീണാ ജോർജ് പറഞ്ഞു.

അതേസമയം, ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ജെ.പി.നഡ്ഡയുമായി നടത്തിയ ചര്‍ച്ചയില്‍ പുതുതായി ഒന്നുമില്ലെന്ന് ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. കേന്ദ്രം ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്ന കാര്യമാണ് മന്ത്രി പറയുന്നത്. അത് നേരത്തേ തന്നെ കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞിട്ടുള്ള കാര്യമാണെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു. ഓണറേറിയം വര്‍ധിപ്പിക്കുന്ന കാര്യം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്ന് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ.ബിന്ദു പ്രതികരിച്ചു.

സംസ്ഥാനത്താണ് അതു സംബന്ധിച്ച് ചര്‍ച്ച നടത്തേണ്ടത്. അതില്‍ കൃത്യമായ നിലപാട് പറയാതെ ഇപ്പോഴും 60, 40 അനുപാതത്തിന്റെ കാര്യം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ നിലപാടുകള്‍ പ്രശ്‌നം പരിഹരിക്കാനുള്ള അഭിപ്രായമല്ല. ഐഎന്‍ടിയുസിയുടെ പേരില്‍ ആണെങ്കിലും ചര്‍ച്ച നടക്കുന്നതില്‍ എതിര്‍പ്പില്ല. സമരത്തിന്റെ ഫലമായി സംസ്ഥാന-കേന്ദ്രമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയെന്നത് അഭിമാനകരമാണെന്നും ബിന്ദു പറഞ്ഞു. ഓണറേറിയം വര്‍ധിപ്പിക്കല്‍, വിരമിക്കല്‍ ആനുകൂല്യം തുടങ്ങിയ ആവശ്യങ്ങളെക്കുറിച്ച് മന്ത്രി വീണാ ജോര്‍ജ് ഒരക്ഷരം പോലും പ്രതികരിച്ചിട്ടില്ലെന്ന് സമരസമിതി നേതാവ് എസ്.മിനി പറഞ്ഞു.

English Summary:

Central Government Considers Incentives Increase for ASHA Workers: ASHA worker incentives are under review by the central government following a meeting between Kerala's Health Minister Veena George and Union Minister J.P. Nadda.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com